ദുബായ് നഗരത്തില്‍ അയാള്‍ വന്നിറങ്ങുമ്പോള്‍ കാമുകന്‍മാരും ഭര്‍ത്താക്കന്‍മാരും തങ്ങളുടെ ഇണകളെയും മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിടേണ്ട അവസ്ഥ. അങ്ങനെ ചെയ്തില്ലെങ്കില്‍ പെണ്ണുങ്ങളായ പെണ്ണുങ്ങളെല്ലാം അയാളുടെ വലയില്‍ ചെന്നുവീഴുമത്രെ. അയാള്‍ കാസനോവ! സ്വന്തം പേരല്ല, വീണ പേരാണ്. അതായത് നാട്ടുകാര്‍ ആരാധനാപൂര്‍വം ചാര്‍ത്തിക്കൊടുത്ത പേര്!
കാസനോവ കാണാന്‍ ആദ്യ ദിനം പോകാന്‍ തയ്യാറായിരുന്നതാണ്. ഇറങ്ങാനൊരുങ്ങവെ ജോസഫ് ജെസന്‍റെ കോള്‍. ഈ സിനിമ ഒരുമിച്ചുകാണാമെന്ന്. അതും ‘നിനക്ക് തിയേറ്ററുകാര്‍ നല്‍കുന്ന സൌജന്യ ടിക്കറ്റിലല്ല. ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട് നാളേക്ക്’ എന്നൊരു ഡയലോഗും വന്നു. വിവാഹത്തില്‍ നിന്ന് മോചനം നേടി രണ്ടും രണ്ടുവഴിക്കായിട്ടും തീരുന്നില്ല ഈഗോയുടെ ഈറകുത്തല്‍. അനുസരിച്ചു. രാവിലെതന്നെ കാറില്‍ ജോസഫ് വന്നു.
“ഡൈവോഴ്സ് നേടി മൂന്നുമാസം തികയും മുമ്പ് കാണാന്‍ പറ്റിയ പടം” - ഞാന്‍ പറഞ്ഞു. എന്തോ... ജോസഫ് ഒന്നും മിണ്ടിയില്ല. തിയേറ്ററില്‍ വലിയ തിരക്കായിരുന്നു. സിനിമ തുടങ്ങി. ഫാന്‍സിന്‍റെ ആവേശക്കൂവലുകള്‍. നിര്‍മ്മാതാവിന്‍റെ ചിത്രം ഇടയ്ക്ക് ഒന്നുപാളിമറഞ്ഞപ്പോള്‍ ആക്കം കൂട്ടിയുള്ള കൂവല്‍.
അടുത്ത പേജില്‍ - കള്ളന്‍മാരുടെ പ്രകടനങ്ങള്‍
PRO
ദുബായിലെ ഒരു പള്ളിയിലെ രംഗങ്ങളിലാണ് ചിത്രം തുടങ്ങുന്നത്. ഒരു വലിയ മോഷണത്തിന്‍റെ ചിത്രീകരണം. നാലു കള്ളന്‍മാര്‍ പള്ളിയുടെ ഭിത്തികളിലൂടെ ഓടിനടന്നും വലിയ സ്റ്റേര്‍കേസുകള്‍ ചാടിക്കടന്നും ഒരു അടിപൊളി മോഷണം. പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കിരീടവും സ്വര്‍ണ നാണയങ്ങളുമെല്ലാം അടിച്ചുമാറ്റി അതിവിദഗ്ധമായി രക്ഷപ്പെടുന്നു. (ഈ കള്ളന്‍മാരെയും ഇവരുടെ മോഷണ രീതികളെയും മുമ്പ് കണ്ടിട്ടുണ്ട്. തീര്‍ച്ച. എവിടെയെന്ന് കൃത്യമായി അപ്പോള്‍ ഓര്‍മ്മ വന്നില്ല. പിന്നീട് കഥയിലേക്ക് പ്രവേശിച്ചപ്പോള്‍ കാര്യം മനസിലായി. അതിനെക്കുറിച്ച് പറയാം, വരട്ടെ).
ഈ കള്ളന്‍മാരുടെ ചെയ്തികള്‍ കാരണം പൊലീസ് വകുപ്പ് ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. ഇവര്‍ എവിടെ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നറിയില്ല. എന്തായാലും കള്ളന്‍മാരെ പിടികൂടാന്‍ കച്ചകെട്ടി പുറപ്പെടുന്നത് ഒരു ഉശിരന്‍ മലയാളി പൊലീസ് ഓഫീസര്‍(റിയാസ് ഖാന്‍). റിയാസ് ഖാന് ‘ഗജിനി’യിലും ഏതാണ്ട് ഇതേ പൊലീസ് വേഷമായിരുന്നു, അല്ലേ?
പിന്നീട് ഒരു ഷോട്ട് കണ്ടു. ദുബായ് നഗരം മുഴുവന്‍ കാണാന്‍ പറ്റുന്ന ഒരു കെട്ടിടത്തിന്‍റെ ഉച്ചിയിലിരുന്ന് ഉന്‍മാദത്തോടെ പൊട്ടിച്ചിരിച്ച് ആ നാലുകള്ളന്‍മാര്‍ ശരീരം കയറില്‍ ബന്ധിച്ച ശേഷം പറന്നിറങ്ങുന്ന മായക്കാഴ്ച. ഇപ്പോള്‍ മനസിലായി - സംഗതി ജാക്കി ചാന്‍റെ ‘ന്യൂ പൊലീസ് സ്റ്റോറി’. അതിലെ രംഗങ്ങളൊക്കെ അതേ പടി പകര്‍ത്തിയിരിക്കുന്നു. ക്രിയേറ്റിവിറ്റി അപാരം!
ഈ കള്ളന്‍മാരെ എങ്ങനെയെങ്കിലും ഒന്നുപിടികൂടണ്ടേ? അതിന് റിയാസ് ഖാന്‍ എന്ന മസില്‍മാന്‍റെ മാത്രം ബുദ്ധി മതിയോ? പോരാ. അങ്ങനെയുള്ള അവസരങ്ങളില്‍ ചില അവതാരങ്ങള്‍ പിറവികൊള്ളും. ഈ ചിത്രത്തില്‍ അവന്‍റെ പേരത്രെ - കാസനോവ!
അടുത്ത പേജില്‍ - കാസനോവ ആരാണ്?
PRO
കാസനോവ ആരാണ്? ഒരു പൂക്കച്ചവടക്കാരന്‍. സാധാരണക്കാരനല്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫ്ലവര്‍ മര്‍ച്ചന്‍റ്. അയാള്‍ പൂക്കളെപ്പോലെ തന്നെയാണ്. തന്നിലേക്ക് പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നു. പൂമ്പാറ്റകളാകുന്ന പെണ്‍കുട്ടികള്‍. അയാള്‍ പ്രണയത്തിന്‍റെ പുരോഹിതനാണ്. ആദ്യ കാഴ്ചയില്‍, ഒരു നോട്ടത്തില്‍, തേന്‍കിനിയുന്ന ഒരു സംഭാഷണത്തില്‍ പെണ്‍കുട്ടികള്‍ പാറിവീഴുകയാണ്. കാസനോവ ഒരുവളില്‍ നിന്ന് മറ്റൊരുവളിലേക്ക് തേന്‍ നുകര്‍ന്ന് പറന്നുനടക്കുന്നു.
ഏത് നാട്ടില്‍ ചെന്നാലും സ്ത്രീകള്‍ കാസനോവയെ കാത്തുനില്‍ക്കുന്നു. കാസനോവയെ ഒന്നുകാണാന്‍, ഒന്നു സ്പര്‍ശിക്കാന്‍. കാസനോവയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകയോട് സ്ത്രീകള്‍ വാതോരാതെ സംസാരിക്കുമ്പോള്‍ നമുക്കും തോന്നും - ഇയാളെ ഒന്നു കാണണമല്ലോ. അത് ഉടന്‍ സംഭവിക്കുന്നു. കാസനോവയായി നമ്മുടെ മോഹന്‍ലാല്‍ ഒരു ബൈക്കില്‍ ചീറിപ്പാഞ്ഞ് വരുന്നു. ഒരു ചൂടന്‍ ഫ്ലയിംഗ് കിസ്. ആരാധകര്‍ ആനന്ദത്തിലാറാടിയെന്ന് പറയേണ്ടതില്ലല്ലോ, തിയേറ്റര്‍ കുലുങ്ങി!
പിന്നീട് ഒരു ഇളകിയാടലാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ മോഹന്‍ലാലിന്‍റെ ഒരു ‘പ്രകടനം’. ഇയാള്‍ ഇങ്ങനെയാണ്. ലോകത്തിന്‍റെ ഏത് ഭാഗത്തുപോയാലും കാമുകിമാര്‍. അവരെ അധിക സമയത്തേക്കൊന്നും നമ്മുടെ കക്ഷിക്കുവേണ്ട. ആദ്യത്തെ ആവേശം അവസാനിച്ചുകഴിഞ്ഞാല്‍ അടുത്തതിലേക്ക്. അങ്ങനെ മാറിമാറി. എന്തായാലും സഞ്ജയ് ബോബിമാരും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമൊക്കെ കേരളത്തിലെ കുടുംബപ്രേക്ഷകര്‍ക്കായി സമ്മാനിച്ച സിനിമയുടെ വിഷയം കൊള്ളം! പീഡനത്തിന് പേരുകേട്ട നാട്ടില്‍ ഇങ്ങനെയുള്ള സിനിമകള്‍ തന്നെ ഇറക്കണം!
കാസനോവ വന്നത് ദുബായില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാനാണ്. ആ വിവാഹത്തില്‍ ഒട്ടേറെ പണച്ചാക്കുകള്‍, വി വി ഐ പികള്‍ പങ്കെടുക്കുന്നുണ്ട്. അവരില്‍ ചില വമ്പന്‍മാരെ നമ്മുടെ ആ നാലുകള്ളന്‍മാരും നോട്ടമിടുന്നു. കാസനോവയുടെ സംഘത്തിനൊപ്പം കൂടി കല്യാണത്തിന്‍റെ എന്‍ഗേജുമെന്‍റ് ചടങ്ങില്‍ കള്ളന്‍മാരും എത്തുന്നു. കാസനോവ ആരാ മോന്‍. ഈ കള്ളന്‍മാരെ കുടുക്കാന്‍ അയാള്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ കുടുക്കാന്‍ അയാള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അതെന്താണ്? അതാണ് സിനിമയുടെ സെന്‍റര്‍ പോയിന്‍റ്!
അടുത്ത പേജില്‍ - കാസനോവയുടെ യഥാര്‍ത്ഥ പ്രണയം
PRO
ദുബായിലെ ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് സഖറിയ(ലാലു അലക്സ്). കാസനോവ ദുബായില്‍ എത്തിയാലുടന്‍ അയാളറിയാതെ സഖറിയ അയാള്‍ക്കൊപ്പം കൂടും. കുറച്ച് പാപ്പരാസിത്തരമൊക്കെ കാണിച്ച് കാസനോവയുടെ ലീലാവിലാസങ്ങളുടെ ചിത്രങ്ങളെടുക്കും. സെലിബ്രിറ്റി മാഗസിനുകളില്‍ ആ ഫോട്ടോകള്‍ നിറയുകയും ചെയ്യും. അയാള്‍ക്ക് ഒരു മകളുണ്ട് - സമീര സഖറിയ(ശ്രേയ സരണ്‍). സല്‍സ നര്‍ത്തകിയും വിദ്യാര്‍ത്ഥിനിയുമാണ്.
എന്തായാലും കാസനോവ സല്‍സ നൃത്തത്തിന്‍റെ ചുവടുകള്‍ പഠിക്കാനായി സമീരയെ തേടിയെത്തി. താമസിയാതെ അവളും അയാളുടെ വലയില്‍ വീണെന്നുപറഞ്ഞാല്‍ മതിയല്ലോ. സമീരയെ കാസനോവയ്ക്കങ്ങുപിടിച്ചു. സാധാരണ പെണ്‍കുട്ടികളെപ്പോലെയല്ല അവള്‍ എന്നൊരു തോന്നല്‍. എന്തായാലും അടുത്ത ദുബായ് സന്ദര്‍ശനത്തിലും അവളെ കണ്ടുമുട്ടിയതോടെ കാസനോവ യഥാര്‍ത്ഥ പ്രണയത്തിലേക്ക് വീണു. കാസനോവയുടെ ഭാഷയില്‍ - ഞാന്‍ ആദ്യമായും അവസാനമായും യഥാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടി.
അവള്‍ അയാളെ കുറച്ചു ചുറ്റിക്കുന്നൊക്കെയുണ്ട്. ഒടുവില്‍ അയാളോട് പ്രണയം പറയാനായി അവള്‍ എത്തുന്നു. അയാള്‍ കാത്തിരിക്കുന്ന ഹോട്ടലില്‍. ഹോട്ടലിന് വെളിയിലെ ഷോപ്പില്‍ നിന്ന് ഒരു മുഖംമൂടി വാങ്ങി അതും ഫിറ്റ് ചെയ്താണ് വരവ്. അപ്പോഴതാ ആ നാലുകള്ളന്‍മാര്‍ അതേ മുഖംമൂടിയുമായി എവിടെനിന്നോ രക്ഷപ്പെട്ടുവരുന്നു. പിന്നാലെ പൊലീസ്. കള്ളന്‍മാരുടെ കൂട്ടത്തിലുള്ളതാണെന്നുകരുതി പൊലീസ് സമീരയെ പിടികൂടുത്തു. അവിടെ അവള്‍ ആരുടെയോ വെടിയേറ്റുമരിക്കുകയാണ്. അതോടെ കാസനോവയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം പൊലിഞ്ഞു!
( ഈ പ്രണയകഥ കണ്ടപ്പോള്‍ മറ്റൊരു സിനിമ ഓര്‍മ്മവന്നു. പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’. ആ സിനിമയിലെ രംഗങ്ങള്‍ ഏതാണ് അതേപോലെ തന്നെ കാസനോവയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു? മലയാള സിനിമയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ ദൈവത്തിനുപോലും പ്രവചിക്കാനാകുമെന്ന് തോന്നുന്നില്ല. പറയുന്നതില്‍ വിഷമമുണ്ട് - ‘എങ്കേയും കാതല്‍ + ന്യൂ പൊലീസ് സ്റ്റോറി’ ആണ് ‘കസനോവ’ എന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ!)
ഈ കള്ളന്‍മാരെ പിടികൂടാന്‍ കാസനോവ അന്ന് തീരുമാനിച്ചതാണ്. ദുബായിലെ കല്യാണച്ചടങ്ങിന് എത്തിയപ്പോഴാണ് കള്ളന്‍മാരെ വീണ്ടും കണ്ടുമുട്ടുന്നത്. എന്തായാലും ഇനി വിടാന്‍ പറ്റില്ലല്ലോ. കാസനോവ കളിതുടങ്ങി.
അടുത്ത പേജില്‍ - ലൈവ് ഷോ ‘ഫോള്‍ ഇന്‍ ലവ്’!
PRO
കാസനോവയുടെ നീക്കങ്ങള്‍ എന്നുപറഞ്ഞാല്‍ അപാര നീക്കങ്ങളാണ്. സുഹൃത്തും ‘സഹ്യ’ ചാനലിന്‍റെ ചീഫുമായ അജോയ് മാത്തനു(ശങ്കര്‍)മായി ചേര്‍ന്ന് നാലു കള്ളന്‍മാരെ വീഴ്ത്താനുള്ള നീക്കങ്ങള്‍. മാത്തന്‍റെ ചാനലില്‍ ഒരു ലൈവ് പ്രോഗ്രാം ആരംഭിക്കുകയാണ് കാസനോവ. അതിന് മാത്തനെ സമ്മതിപ്പിക്കുന്നതൊക്കെ കണ്ടുതന്നെ അറിയേണ്ട രംഗങ്ങളാണ്. ഈശോയേ, ഒരു ചാനല്‍ മേധാവിക്കും ഇങ്ങനെയുള്ള ഗതി വരരുതേ...
പ്രോഗ്രാമിന്‍റെ പേര് ‘ഫോള്‍ ഇന്‍ ലവ്’. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ലൈവ് ടി വി ഷോ. കള്ളന്‍മാരിലെ രണ്ടുപേര്‍ - അര്‍ജുനും അരുണും - ഈ ഷോയുടെ കളിയില്‍ വീഴുകയാണ്. അവര്‍ക്ക് നായികമാരായി കാസനോവ കണ്ടെത്തുന്നത് ലക്‍ഷ്മി റായിയും റോമയും. റോമ കന്യാസ്ത്രീയാകാന്‍ വേണ്ടി ദുബായിലെത്തി അടിപൊളി വേഷമൊക്കെയിട്ടുനടക്കുന്ന ഒരു പാവം പെണ്ണ്!
പിന്നീട് അവരുടെ പ്രണയനാടകങ്ങളും ഒടുവില്‍ പ്രണയം യാഥാര്‍ത്ഥ്യമാകുന്നതും ഇതിനിടയില്‍ കള്ളനെ പിടിക്കാനുള്ള കാസനോവയുടെ ബ്രില്യന്‍റ്(?) മൂവ്‌മെന്‍റ്സുമൊക്കെയാണ് കഥ. പിന്നീടെന്തൊക്കെ നടന്നു എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവില്ല. എന്തൊക്കെയോ ചില കാട്ടിക്കൂട്ടലുകള്‍. നമ്മള്‍ ‘ഉദയനാണ് താര’ത്തിന്‍റെ ക്ലൈമാക്സ് സീനില്‍ കണ്ട ‘ഹൈഡ് ആന്‍റ് ഷൂട്ട്’ ഒക്കെയില്ലേ. അതിന്‍റെയൊക്കെ ഷാഡോ പോലെ ചില രംഗങ്ങള്‍. ഒടുവില്‍ വില്ലനെ വെടിവച്ചുവീഴ്ത്തി തന്‍റെ പ്രണയിനിയോടുള്ള ഇഷ്ടം ഉറക്കെ വിളിച്ചുപറയുന്ന രംഗത്ത് സിനിമ അവസാനിക്കുന്നു.
സിനിമ കഴിഞ്ഞ് ഒരു മോഹന്‍ലാല്‍ ആരാധകന്‍ ഉറക്കെ വിളിച്ചുകൂവി - ഞാന്‍ മലയാള സിനിമ കാണുന്നത് നിര്‍ത്തിയേ...!
അടുത്ത പേജില്‍ - കൂവലും കൈയടിയും
PRO
ദിവസം മൂന്നും നാലും പെണ്‍കുട്ടികളുമായി പ്രണയം പങ്കിടുന്ന കാസനോവ ഒടുവില്‍ ശ്രേയാ സരണുമായി പ്രണയത്തിലാകുന്നു. താന്‍ ഇപ്പോഴാണ് യഥാര്‍ത്ഥ പ്രണയത്തിലെത്തിയതെന്ന് കാസനോവ പറയുമ്പോള്‍ ശിങ്കിടിയായ ജഗതി പറയുന്ന ഡയലോഗ് - ഈ പറഞ്ഞത് സത്യമാണെങ്കില്‍ ഞാനാണ് അതില്‍ ഏറ്റവും സന്തോഷിക്കുന്നത്...
ഡയലോഗ് കഴിഞ്ഞതും മറ്റൊന്നും കേള്‍ക്കാന്‍ പാടില്ലാത്തത്ര കൂവലായിരുന്നു. ഇതൊക്കെ എന്തു കഥാപാത്രങ്ങളാണ്? പ്രേമക്കൂത്തുകളുമായി നടക്കുന്ന നായകനും അയാളുടെ സെക്രട്ടറിയും. കള്ളന്‍മാരെ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍. പ്രണയിക്കുന്നവര്‍ക്കായി ഒരു സുപ്രഭാതത്തില്‍ ലൈവ് ഷോ തുടങ്ങാന്‍ നിര്‍ബന്ധിതനാകുന്ന ടി വി ചാനല്‍ മേധാവി. എല്ലാം കൂടി ഒരു തട്ടിക്കൂട്ടുമേളം. സിനിമയുടെ കാര്യത്തില്‍, കേരളവും പുരോഗമിക്കുന്നുണ്ട്!
കാസനോവയോട് ഒരു പത്രക്കാരന്‍റെ ചോദ്യം കേള്‍ക്കേണ്ടതാണ്.
കാസനോവയുടെ മറുപടി - “അത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ അതിലും എത്രയോ കൂടുതല്‍ ബന്ധങ്ങളുണ്ട്”.
ഈ ഡയലോഗിന് വലിയ കൈയടി കിട്ടി. അതുപോലെ ഇന്‍റര്‍വെല്‍പഞ്ചിനും. ഒരു വാള്‍ തട്ടിയെടുക്കാനായി കാസനോവ നടത്തുന്ന പോരാട്ടങ്ങള്‍ ശ്വാസംപിടിച്ചേ കണ്ടിരിക്കാനാവൂ. എന്തായാലും അങ്ങനെ അങ്ങും ഇങ്ങും ചില ഡയലോഗുകള്‍ക്കും സീനുകള്‍ക്കും സ്വീകാര്യത ലഭിച്ചതൊഴിച്ചാല്‍ പ്രേക്ഷകരെ ബോറടിപ്പിച്ച് വെറുപ്പിക്കുന്ന സിനിമയാണ് കാസനോവ.
അടുത്ത പേജില്‍ - പ്രേക്ഷകന്‍റെ നിസഹായത
PRO
ഈ സിനിമയുടെ തിരക്കഥയ്ക്ക് എത്ര മാര്‍ക്ക് കൊടുക്കണം. നൂറിലാണെങ്കില്‍ 10 മാര്‍ക്ക് വളരെ കൂടുതലാണ്. കഥയില്ലായ്മയില്‍ നിന്ന് ഒരു കഥയുണ്ടാക്കി അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ വിളമ്പിയിരിക്കുന്നു. എന്‍റെ വീട് അപ്പൂന്‍റേം, നോട്ട്‌ബുക്ക്, ട്രാഫിക്ക് എന്നീ സിനിമകളെഴുതിയ ബോബി - സഞ്ജയ് കൂട്ടുകെട്ടിന്‍റെ ഏറ്റവും മോശം തിരക്കഥയാണ് കാസനോവ.
17 കോടി രൂപ മുതല്‍ മുടക്കിയെന്നാണ് കേട്ടത്. അതിന്‍റെ വിഷ്വല്‍ റിച്ച്‌നെസ് സിനിമയ്ക്കുണ്ട്. വളരെ സ്റ്റൈലിഷായി കാസനോവ ചിത്രീകരിച്ചിട്ടുണ്ട്. ആ ഒരു കാര്യത്തില്‍ മാത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് അഭിനന്ദനമര്‍ഹിക്കുന്നത്. എന്നാല്‍ വിഷ്വല്‍ ബ്യൂട്ടി ‘ന്യൂ പൊലീസ് സ്റ്റോറി’ എന്ന സിനിമയിലെ പല രംഗങ്ങളും അതേപടി കോപ്പിയടിച്ചുണ്ടാക്കിയതാണെന്നത് വലിയ ന്യൂനത.
ചിത്രത്തിന്‍റെ ആദ്യപകുതി പ്രേക്ഷകന് കാര്യമായൊന്നും മനസിലാകുന്നില്ല എന്നത് അതിലും വലിയ പോരായ്മ. എന്താണ് നടക്കുന്നത് എന്ന് പിടികിട്ടാത്ത സാഹചര്യം. ആദ്യപകുതിയില്‍ സംഭവിക്കുന്നതിന്‍റെയൊക്കെ പൊരുള്‍ പിടികിട്ടാല്‍ രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കണമെന്നത് പണം മുടക്കി പടം കാണുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന നിസഹായത.
ഗാനങ്ങള്‍ കേഴ്വിസുഖം പകരുന്നവയല്ല. എന്നാല്‍ പശ്ചാത്തല സംഗീതം ഗംഭീരം. അതുപോലെ ഛായാഗ്രഹണം നിര്‍വഹിച്ച ജിം ഗണേശ് മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത്. കാഴ്ചാസുഖം മാത്രമല്ല സിനിമയെന്നും അതിനുള്ളില്‍ എല്ലുറപ്പുള്ള ഒരു കഥയും മനസില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങളുമുണ്ടാകണമെന്നും റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമയില്‍ നിന്ന് തിരിച്ചറിയുമെങ്കില്‍ അത് അദ്ദേഹത്തിന്‍റെ അടുത്ത സിനിമയ്ക്കെങ്കിലും ഉപകരിക്കും.
സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ജോസഫ് ജെസന്‍ പറഞ്ഞു - കിരീടവും ഭരതവും കിലുക്കവുമൊക്കെ കണ്ട മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഈ സിനിമ ഒരു ഷോക്കാണ്.
ഞാന്‍ ചിരിച്ചതേയുള്ളൂ. എന്നെ വീടിനുമുമ്പില്‍ ഇറക്കുമ്പോള്‍ ഞാന്‍ ഒരു ഓഫര്‍ കൊടുത്തു ജോസഫിന് - ‘കേറുന്നോ. ഒരു കാപ്പികുടിക്കാം. വണ്‍ ഓഫ് ദ ബെസ്റ്റ് കോഫി ഇന്‍ ദ വേള്‍ഡ്!’