കമ്മത്ത് ആന്‍റ് കമ്മത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Webdunia
വെള്ളി, 25 ജനുവരി 2013 (16:34 IST)
PRO
ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണശേഷം മനസ് ആകെ മരവിച്ചിരുന്നു. കുറച്ചുനാള്‍ ആരോടും മിണ്ടാതിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആരോ ഇല്ലാതായതുപോലെ ഒരു നീറ്റല്‍ ഉള്ളില്‍ നിറഞ്ഞുനിന്നു. ഇടയ്ക്ക് ജോസഫ് വിളിച്ചപ്പോള്‍ സുഖമില്ലെന്ന് പറഞ്ഞു. അദ്ദേഹം വിവരം തിരക്കാനെത്തിയപ്പോള്‍ അമ്മു കാര്യം പറഞ്ഞു.

“നിനക്ക് ഭ്രാന്താണോ?” - എന്നാണ് ജോസഫ് ആദ്യം ചോദിച്ചത്.
“അതെ” - എന്ന് ഞാന്‍ മറുപടിയും കൊടുത്തു. കൂടുതലൊന്നും പറയാന്‍ പോയില്ല. എന്‍റെ മാനസികാവസ്ഥ മനസ്സിലാകാത്തിടത്ത് അധികം വിശദീകരിച്ചിട്ട് എന്തുഫലം? സുഖമില്ലെന്നറിഞ്ഞപ്പോള്‍ പഴയഭാര്യയെ കാണാന്‍ വരികയെങ്കിലും ചെയ്തല്ലോ, ആശ്വാസം.

മനസ് എന്തിലേക്കെങ്കിലും ഡീവിയേറ്റ് ചെയ്യണമെന്ന് തീരുമാനിച്ചിരിക്കവേയാണ്, ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന സിനിമയുടെ ടീസര്‍ ടി വിയില്‍ കണ്ടത്. അത് കാണണമെന്ന് ആഗ്രഹം തോന്നി. നോക്കിയപ്പോള്‍ 25നാണ് റിലീസ്. അന്ന് കമലിന്‍റെ വിശ്വരൂപവും എത്തുന്നുണ്ട്. എന്തായാലും മമ്മൂട്ടിച്ചിത്രം കണ്ടതിന് ശേഷം കമല്‍ ഫിലിം കാണാമെന്ന് ഉറപ്പിച്ചു.

തിയേറ്ററില്‍ വലിയ തിരക്കായിരുന്നു. കുറേക്കാലത്തിന് ശേഷം മമ്മൂട്ടിയുടെ ഒരു മാസ് പടം എത്തുകയാണല്ലോ. എന്തായാലും ഫാന്‍സ് അസോസിയേഷന്‍കാര്‍ കമ്മത്തിന്‍റെ വരവ് ആഘോഷമാക്കുന്നുണ്ട്. ഒരാള്‍ മമ്മൂട്ടിയുടെ ഫ്ലക്സിന് നേര്‍ക്ക് ചന്ദനത്തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നു!

മമ്മൂട്ടി എന്ന മെഗാതാരത്തിന്‍റെ പന്ത്രണ്ട് ചിത്രങ്ങളുടെ പരാജയ ക്ഷീണം മാറ്റാന്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചെറു ചിത്രത്തിന്‍റെ വിജയം പോരല്ലോ. അതുകൊണ്ട് മാസ് ചിത്രമായ കമ്മത്ത് ആന്‍റ് കമ്മത്ത് വന്‍ വിജയം നേടുക തന്നെ വേണം. പടത്തെക്കുറിച്ചുള്ള അഭിപ്രായം ആദ്യമേ തന്നെ പറയട്ടെ, ജവാന്‍ ഓഫ് വെള്ളിമലയും താപ്പാനയും കണ്ട് ബോറടിച്ച എല്ലാവര്‍ക്കും കമ്മത്തുമാരെ ഇഷ്ടപ്പെടും. ഈ പറഞ്ഞ ചിത്രങ്ങള്‍ പോലെ അത്ര ബോറന്‍ ചിത്രമൊന്നുമല്ല കമ്മത്ത് ആന്‍റ് കമ്മത്ത്.

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത്. പേരിലെ പുതുമ തന്നെയാണ് ആദ്യത്തെ പ്രത്യേകത. കമ്മത്തുകളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കിലും തിരുവനന്തപുരത്തും കൊച്ചിയിലും കൊങ്കിണിക്കാര്‍ നടത്തുന്ന ഹോട്ടലുകളില്‍ പലപ്പോഴും ഞാന്‍ പോയിട്ടുണ്ട്. അവിടങ്ങളിലെ ദോശക്കും ചമ്മന്തിക്കും ഒരു പ്രത്യേക രുചിയാണ്. ആ രുചി ഓര്‍മ്മിച്ചുകൊണ്ടാണ് കമ്മത്ത് കാണാനിരുന്നത്.

അടുത്ത പേജില്‍ - തുടക്കം പതിനഞ്ചാം നൂറ്റാണ്ടിലെ ഗോവയില്‍

PRO
നടന്‍ സിദ്ദിഖിന്‍റെ വോയിസ് ഓവറിലൂടെ കൊങ്കിണി സമുദായത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് കമ്മത്ത് ആന്‍റ് കമ്മത്ത് തുടങ്ങുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശത്തെ തുടര്‍ന്ന് ഗോവയില്‍ നിന്ന് പലായനം ചെയ്ത കൊങ്കിണി ബ്രാഹ്മണരാണ് കമ്മത്ത്‍, പൈ തുടങ്ങിയ സമുദായങ്ങളായി കേരളത്തിലെ മലബാര്‍ പ്രദേശങ്ങളിലും മംഗലാപുരത്തുമായി ജീവിക്കുന്നത്. പാചകത്തിലും കലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഇവര്‍ കച്ചവടത്തിലും കേമന്‍‌മാരാണ്. ഇവര്‍ വലിയ സമാധാനപ്രിയരുമാണ്.

ഏറെ റിസര്‍ച്ച് ചെയ്ത സ്ക്രിപ്റ്റാണെന്നാണ് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഉദയ്കൃഷ്ണ ചിത്രത്തെക്കുറിച്ച് പൂജാസമയത്ത് പറഞ്ഞത്. പക്ഷേ, ചിത്രത്തിന്‍റെ ഇന്‍‌ട്രോയില്‍ പറയുന്ന കമ്മത്ത് സമുദായ ചരിതമല്ലാതെ റിസര്‍ച്ച് ചെയ്ത് പാകപ്പെടുത്തിയ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. അതാകട്ടെ വിക്കിപീഡിയയില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരവും. ഒരു പക്ഷേ അതിനെയാവാം തിരക്കഥാകൃത്ത് റിസര്‍ച്ച് എന്ന് ഉദ്ദേശിച്ചത്!

ഇന്‍‌ട്രോയ്ക്ക് ശേഷം കൊച്ചിയിലെ ഒരു കമ്മത്ത് കുടുംബത്തെയാണ് കാണുന്നത്. ഭാര്യയും രണ്ട് മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്ന ഒരു കമ്മത്ത് ഫാമിലി. പതിവു പോലെ കുടുംബ നായകന് ഒരു അപകടം നേരിടുന്നു. മക്കള്‍ക്ക് കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വരുന്നു. അവര്‍ ചെറിയ ഒരു ദോശക്കട തുടങ്ങുന്നു. അത് ‘കമ്മത്ത് & കമ്മത്ത്’ എന്ന വലിയ ഹോട്ടല്‍ ശൃംഖലയായി വളരുന്നു.

അടുത്ത പേജില്‍ - കമ്മത്ത് സഹോദരന്‍‌മാര്‍ വരുന്നു!

PRO
ഇനിയാണ് ശരിക്കും കമ്മത്ത് സഹോദരന്‍മാരുടെ കഥ തുടങ്ങുന്നത്. സ്ഥലം പാലക്കാട്. കമ്മത്ത് സഹോദരങ്ങള്‍ തങ്ങളുടെ ദൌത്യം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. കുഴിപ്പള്ളി(സുരാജ് വെഞ്ഞാറമൂട്) എന്ന നഗരസഭ കൌണ്‍സിലറുടെ മുഖത്ത് നിന്നാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. സുലൈമാന്‍ സാഹിബിന്റെ ബിരിയാണിക്കടയിലാണ് കുഴിപ്പള്ളി ഇരിക്കുന്നത്. ബിരിയാണിക്കടയ്ക്ക് മുന്നില്‍ പൂട്ടിക്കിടക്കുന്ന ശ്രീകൃഷ്ണ വിലാസം ഹോട്ടല്‍ ഉണ്ട്. സുലൈമാനില്‍ നിന്ന് കാശ് വാങ്ങി കുഴിപ്പള്ളി പൂട്ടിച്ചതാണ് ആ ഹോട്ടല്‍. സുലൈമാന് ആ സ്ഥലത്തേക്ക് ഒരു നോട്ടമുണ്ട്. അതിനുള്ള ചരട് വലിയിലാണ് സുലൈമാനും കുഴിപ്പള്ളിയും.

പക്ഷേ, സ്ഥലത്തിന്റെ ഉടമയായ തിരുമേനിക്ക് അത് ഒരു അന്യജാതിക്കാരന് വില്‍ക്കാന്‍ താത്പര്യമില്ല. വര്‍ഗീയതയല്ല കാരണം, അവിടെ ഒരു ഗണപതി പ്രതിഷ്ഠയുണ്ട്. അതിനാല്‍ അവിടെ മത്സ്യ - മാംസാദികള്‍ കയറ്റരുത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയിലായ തിരുമേനിക്ക് ആ സ്ഥലം വില്‍ക്കാതിരിക്കാനും കഴിയുന്നില്ല. മൂത്തമകളുടെ കല്യാണത്തിന് തിരുമേനി സുലൈമാന്റെ കയ്യില്‍ നിന്ന് പത്തുലക്‍ഷം രൂപ വാങ്ങിയതിന്റെ ബാധ്യതയുമുണ്ട്. തിരുമേനി വല്ലാത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ തിരുമേനിയെ സഹായിക്കാന്‍ ആര് വരുമെന്ന് ഊഹിക്കാമല്ലോ!

സുലൈമാന്റെ ആളുകള്‍ തിരുമേനിയുടെ വീട്ടില്‍ ചെന്ന് ബലമായി എഗ്രിമെന്റ് എഴുതി വാങ്ങാന്‍ ഒരുങ്ങുമ്പോളാണ് ആ മുറ്റത്തേക്ക് വെളുത്ത സ്കോഡാ കാര്‍ എത്തുന്നത്. പിന്നെ പതിവ് പോലെ വെളുത്ത കുട ഉയരുന്നു. കുടയ്ക്ക് താഴെ അയാള്‍, തിരുമേനിയുടെ രക്ഷകന്‍. ജനപ്രിയനായകന്‍, അനിയന്‍ കമ്മത്ത്! പേര് ദേവരാജ കമ്മത്ത്. ദേവരാജ കമ്മത്തിന്റെ ചില മോഹന്‍‌ലാല്‍ പ്രയോഗത്തില്‍ ഗുണ്ടകള്‍ ഭയന്ന് പോകുന്നു. അങ്ങനെയാണ് കമ്മത്ത് ആന്റ് കമ്മത്തിന്റെ പുതിയ ഒരു ഹോട്ടല്‍ പാലക്കാട് തുടങ്ങുന്നത്.

അടുത്ത പേജില്‍ - സ്നേഹിച്ചാല്‍ രാജമാണിക്യം, ഇടഞ്ഞാല്‍ പോക്കിരിരാജ !

PRO
കമ്മത്ത് ആന്റ് കമ്മത്ത് ഹോട്ടല്‍ തുടങ്ങുന്നതിനെതിരെ സുലൈമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ശത്രുക്കള്‍ അണിനിരക്കുന്നു. ഹോട്ടല്‍ തുടങ്ങുന്നതില്‍ നിന്ന് ഏത് നിലയ്ക്കും പിന്തിരിപ്പിക്കുക. എന്നതാണ് അവരുടെ ഉദ്ദേശം. ഹോട്ടലിന് നഗരസഭ ലൈസന്‍സ് നല്‍കാത്തത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങുകയാണ്. നഗരസഭാ സെക്രട്ടറി മഹാലക്‍ഷ്മിയുടെ(റീമ കല്ലിങ്കല്‍) അഹങ്കാരമാണ് ഇതിന് കാരണം. ഇതൊന്നും വകവയ്ക്കാതെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ തന്നെയാണ് അനുജന്‍ കമ്മത്തിന്റെ തീരുമാനം.

പ്രശ്നങ്ങള്‍ തനിക്ക് തീര്‍ക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ് അനുജന്‍ കമ്മത്ത് ജേഷ്ഠന്‍ കമ്മത്തായ രാജരാജ കമ്മത്തിനെ(മമ്മൂട്ടി) അവിടേക്ക് വിളിച്ച് വരുത്തുന്നത്. രാജരാജ കമ്മത്ത് ഒരു സംഭവമാണ്. സ്നേഹിച്ചാല്‍ രാജമാണിക്യം, ഇടഞ്ഞാല്‍ പോക്കിരിരാജ! മാത്രമല്ല, മൂപ്പര്‍ക്ക് മമ്മൂട്ടിയുടെ ഗ്ലാമാറും! സ്വഭാവവും അതുപോലെ - മൂക്കത്താ ശുണ്ഠി, എന്നാല്‍ ആള് പാവവും.

രാജരാജ കമ്മത്തിനെ പാലക്കാട് കാലുകുത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടയില്‍ സുലൈമാനും കൂട്ടരും നടത്തുന്നു. വ്യത്യസ്തമായ ബുദ്ധിയൊന്നും സുലൈമാന്റെ തലയിലോ തിരക്കഥാകൃത്തുക്കളുടെ തലയിലോ ഉദിച്ചിട്ടില്ല. പതിവ് പോലെ രാജരാജ കമ്മത്തിനെ തല്ലാന്‍ ഗുണ്ടകളെ വിട്ടിരിക്കുകയാണ്.

റോഡിലൂടെ ഇരച്ച് വന്ന ലാന്‍‌ഡ് റോവര്‍ ഗുണ്ടകളുടെ മുന്നില്‍ വന്ന് നിന്നപ്പോള്‍, കാറില്‍ നിന്ന് ആദ്യം ഇറങ്ങിയത് ഗോപിയാണ്(ബാബുരാജ്). ഗോപിയെന്ന് പറഞ്ഞാല്‍ സമാധാന പ്രിയനായ മൂത്ത കമ്മത്ത് എതിരാളികളെ അടിച്ചൊതുക്കാന്‍ പോത്തിറച്ചി കൊടുത്ത് വളര്‍ത്തുന്ന ഗുണ്ട. സുലൈമാന്‍ പറഞ്ഞ് വിടുന്ന ഗുണ്ടകളെ ഗോപിയാണ് അടിച്ചൊതുക്കിയത്. കാറില്‍ നിന്ന് ഇറങ്ങിയ രാജരാജ കമ്മത്ത് ഇതൊക്കെ നോക്കിയിരുന്ന് വെറ്റില മുറുക്കുകയായിരുന്നു!

അടുത്ത പേജില്‍ - ധനുഷ് വന്നു, പോയി

PRO
കമ്മത്ത് സഹോദരന്‍‌മാര്‍ പുതിയ ഹോട്ടല്‍ കോയമ്പത്തൂരില്‍ തുടങ്ങുമ്പോള്‍ അത് ഉദ്ഘാടനം ചെയ്യുന്നത് തമിഴ് സൂപ്പര്‍ താരം ധനുഷ്. ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് ധനുഷ് പോയി. പിന്നെ ഒരു പാട്ട് സീ‍നിലും എത്തി. ഇതല്ലാതെ ചിത്രത്തിന്റെ കഥാഗതിയില്‍ ധനുഷ് ഒന്നും ചെയ്യുന്നില്ല.

നഗരസഭാ സെക്രട്ടറി മഹാലക്‍ഷ്മിയെ ഗുണ്ടകളില്‍ നിന്ന് രാജരാജ കമ്മത്ത് രക്ഷിക്കുന്നതോടെ മഹലാക്‍ഷ്മിയും രാജരാജ കമ്മത്തും തമ്മില്‍ അടുക്കുന്നു. കമ്മത്തിന്‍റെ വീട്ടിലെ അടുക്കളയില്‍ കയറാനുള്ള സ്വാതന്ത്ര്യം വരെ നഗരസഭാ സെക്രട്ടറിക്ക് കിട്ടി.

മഹാലക്ഷ്മിയുടെ അനുജത്തിയെ ശല്യം ചെയ്യുന്നവനെ പിടികൂടാനുള്ള ചുമതല കമ്മത്ത് ഏറ്റെടുക്കുന്നതോടെ കഥ വഴിത്തിരിവിലെത്തുന്നു. ഹെ‌ല്‍‌മറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ ആ ശല്യക്കാരനെ ഗോപിയും രാജരാജ കമ്മത്തും പിടികൂടുന്നു. ഹെല്‍‌മറ്റ് മാറ്റി അക്രമിയുടെ മുഖം കണ്ടപ്പോള്‍ രാജരാജ കമ്മത്ത് ശരിക്കും ഞെട്ടി - ദേവരാജ കമ്മത്ത്!. അതോടെ, മൂത്ത കമ്മത്തും മഹാലക്‍ഷ്മിയും തമ്മില്‍ വീണ്ടും ഇടയുന്നു. കമ്മത്ത് വേഴ്സ് കമ്മത്ത് എന്നാണ് ഇന്‍റര്‍വെല്ലിന് എഴുതിക്കാണിച്ചത്.

അടുത്ത പേജില്‍ - ഒടുവില്‍ നരേനും എത്തി!

PRO
മമ്മൂട്ടിയോടൊപ്പം ദിലീപും നരേനും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നായിരുന്നല്ലോ സിനിമയുടെ ചിത്രീകരണ സമയത്ത് പരന്ന വാര്‍ത്ത. എന്നാല്‍ ഇന്റര്‍വെല്‍ കഴിഞ്ഞിട്ടും നരേനെ കണ്ടില്ല. ചിലപ്പോള്‍ ധനുഷിനെ പോലെ വന്നുപോകുന്ന ഒരു കഥാപാത്രമായിരിക്കുമോ ഇതെന്നായിരുന്നു സംശയം. പക്ഷേ, കഥയില്‍ പുതിയ ട്വിസ്റ്റ് നല്‍കി ഇന്‍‌കം ടാക്സ് ഓഫീസര്‍ സുരേഷായി നരേനും എത്തി.

സുരേഷ് എന്ന ഇന്‍‌കം ടാക്സ്‌ ഓഫീസര്‍ വില്ലനാണോയെന്നൊക്കെ സിനിമയ്ക്കൊടുവിലേ മനസ്സിലാകുന്നുള്ളൂ. എന്തായാലും ഒരു പാട്ട് സീ‍നില്‍ നരേന്‍ മഹാലക്‍ഷ്മിയുടെ അനുജത്തിയെ പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്.

കമ്മത്ത് ആന്റ് കമ്മത്ത് ഇന്റര്‍വെ‌ല്ലിന് ശേഷം വഴിപിരിഞ്ഞോ എന്ന ആകാംക്ഷ ഉണ്ടാകില്ലേ?. അത് അങ്ങനെ നില്‍ക്കട്ടെ. മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരന്‍‌മാരായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി - പൃഥ്വിരാജ്, മോഹന്‍‌ലാല്‍‌ - ദിലീപ് പോലെ ഒരു കെമിസ്ട്രി മമ്മൂട്ടി - ദിലീപ് കോമ്പിനേഷനില്‍ വര്‍ക്കൌട്ടായില്ല. ഇതാണ് സിനിമയുടെ വലിയ പോരായ്മ.

തോംസന്‍റെ സംവിധാനം കുഴപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ കാര്യസ്ഥന്‍റെ അത്രയും പഞ്ച് നല്‍കാന്‍ ഇവിടെ കഴിഞ്ഞിട്ടില്ല. ശക്തനായ ഒരു വില്ലന്‍റെ അഭാവം ചിത്രത്തെ ബാധിച്ചിട്ടുണ്ട്. ഉദയ് - സിബിയുടെ തിരക്കഥ പഴയ വീഞ്ഞ് തന്നെ വീണ്ടും വിളമ്പുന്നു. കമ്മത്ത് സഹോദരന്‍‌മാരുടെ കൊങ്കിണി ഭാഷ മാത്രമാണ് ഈ സിനിമയുടെ ഏക പുതുമ. കഥയൊക്കെ പോക്കിരിരാജയില്‍ കണ്ടതുതന്നെ.

നായികമാരായ കാര്‍ത്തികയ്ക്കും റിമയ്ക്കും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നുമല്ല. മലയാളത്തിലേക്കുള്ള കാര്‍ത്തികയുടെ അരങ്ങേറ്റം അത്ര മെച്ചമായില്ല എന്നുതന്നെ പറയേണ്ടിവരും.

എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളില്‍ ദോശപ്പാട്ട് നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തി.

മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ വരുമ്പോഴൊക്കെ ഉയരാറുള്ള ഒരു ചോദ്യമുണ്ട്. ഈ സിനിമ മമ്മൂട്ടി ചെയ്യേണ്ടിയിരുന്നതാണോ എന്ന്. തീര്‍ച്ചയായും അല്ല എന്നുതന്നെയാണ് ഈ സിനിമയെക്കുറിച്ചുമുള്ള ഉത്തരം. കമ്മത്ത് എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിനോ അദ്ദേഹത്തിലെ നടനോ എന്തെങ്കിലും ഗുണമുണ്ടാക്കുമെന്ന് കരുതുക വയ്യ.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്