ഈ വർഷത്തെ പരീക്ഷകളെല്ലാം ഒന്നാം ക്ലാസിൽ പാസായ കുട്ടിയുടെ സന്തോഷമായിരിക്കും പൃഥ്വിരാജ് എന്ന കിംഗ് സ്റ്റാറിന്. വെള്ളിയാഴ്ച റിലീസ് ചെയ്ത 'അനാർക്കലി'യും മെഗാഹിറ്റായി മാറുകയാണ്. എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി എന്നീ വമ്പൻ വിജയങ്ങൾക്ക് പിന്നാലെ അനാർക്കലിയും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സച്ചി സംവിധാനം ചെയ്ത ഈ റൊമാന്റിക് ത്രില്ലർ പൃഥ്വിരാജിനെ മലയാളത്തിലെ താരരാജാക്കൻമാരുടെ പട്ടികയിൽ ഒന്നാം നമ്പരുകാരനാക്കുമെന്നാണ് റിപ്പോർട്ടുകൾ.
മനോഹരമായ സംഗീതവും, സൂപ്പർ വിഷ്വൽസും, അടിപൊളി താരനിരയും, മികച്ച കഥയും അനാർക്കലിയുടെ സവിശേഷതയാണ്. ചിത്രത്തിൻറെ ആദ്യപകുതി ഗംഭീരമാണെന്ന് അഭിപ്രായപ്പെടുന്നവർ രണ്ടാം പകുതി ഉജ്ജ്വലമെന്ന് റിപ്പോർട്ട് നൽകുന്നു. ശന്തനു എന്ന കഥാപാത്രമായി സിനിമയിലുടനീളം പൃഥ്വി നിറഞ്ഞുനിൽക്കുകയാണ്. ബിജുമേനോനും പ്രേക്ഷകരെ കൈയിലെടുക്കുന്നു. പ്രിയൽ ഗോർ, മിയ ജോർജ് എന്നിവർ നായികമാരാകുന്ന സിനിമയിൽ കബീർ ബേദി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒട്ടേറെ സർപ്രൈസുകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു സിനിമയാണ് അനാർക്കലി. പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ ഘടകങ്ങൾ. തിയേറ്ററുകളിൽ കണ്ടുതന്നെ അറിയേണ്ട ഈ സിനിമാ വിസ്മയം പൃഥ്വിയുടെ കരിയറിലെ തിളക്കമുള്ള ഒരധ്യായമായി മാറുകയാണ്.
വിമാനം എന്ന ചിത്രത്തിലാണ് പൃഥ്വി ഇനി അഭിനയിക്കുന്നത്. അതിന് ശേഷം ബ്ലെസിയുടെ മാസ്റ്റർപീസ് എന്ന് പ്രതീക്ഷിക്കുന്ന ആടുജീവിതം തുടങ്ങും.