അടൂര്‍ സിനിമ കാണാന്‍ തിയേറ്ററില്‍ പോയിട്ടുള്ളപ്പോഴൊക്കെ മനസില്‍ ഒരു ഉത്സവത്തിന്‍റെ ഹരമാണ്. ജീവിതത്തിന്‍റെ മണവും രുചിയും സ്ക്രീനില്‍ അനുഭവിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളാണ് അത്. എന്നാല്‍ ‘പിന്നെയും’ എന്ന പുതിയ ചിത്രത്തിന് ആ ഗുണമൊന്നുമില്ല. അടൂര്‍ ചിത്രമാണെന്ന് തോന്നില്ല. ദിലീപും കാവ്യയും അഭിനയിച്ച വളരെ സ്ലോ പേസിലുള്ള ഒരു സിനിമയെന്ന തോന്നലേ ഈ സിനിമ നല്‍കുന്നുള്ളൂ.
എന്നും അസാധാരണ പ്രമേയങ്ങളുള്ള സിനിമകള്‍ സമ്മാനിക്കാന്‍ അടൂര്‍ ശ്രമിച്ചിട്ടുണ്ട്. ഈ സിനിമയിലുമുണ്ട് അത്തരമൊരു പ്രമേയം. അതിമോഹമെന്നോ അത്യാര്‍ത്തിയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന സ്വഭാവദോഷത്തിന്‍റെ നാലതിരും തിരയുകയാണ് സംവിധായകന്‍ പിന്നെയും എന്ന ചിത്രത്തിലൂടെ.
അഭ്യസ്തവിദ്യനായ എന്നാല്‍ തൊഴില്‍ രഹിതനായ നായകനാണ് ദിലീപ് അവതരിപ്പിക്കുന്ന പുരുഷോത്തമന്‍ നായര്‍. അയാളുടെ ഭാര്യ ദേവി എന്ന സ്കൂള്‍ ടീച്ചറായാണ് കാവ്യാ മാധവന്‍ വരുന്നത്. ദേവിയുടെ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കേണ്ട ഗതികേടില്‍ നിന്ന് പുരുഷോത്തമന്‍ നായര്‍ ചെന്നുപെടുന്ന ജീവിത പ്രതിസന്ധികളാണ് ‘പിന്നെയും’ കാണിച്ചുതരുന്നത്.
നമ്മുടെ ജീവിത പരിസരങ്ങളില്‍ കാണുന്ന കഥയും മുഹൂര്‍ത്തങ്ങളും തന്നെയാണ് അടൂര്‍ തന്‍റെ പുതിയ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ പിടിച്ചിരുത്തുന്ന രംഗങ്ങളിലൂടെ ഉജ്ജ്വലമാക്കാമായിരുന്ന ഒരു പ്ലോട്ടിനെ പലപ്പോഴും വിരസമാക്കി ബോറടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
പതിഞ്ഞ താളത്തിലുള്ള സിനിമയില്‍ സംഭാഷണങ്ങളിലെ നാടകീയതയും അതിഭാവുകത്വവും മുഴച്ചുനില്‍ക്കുന്നു. ബിജിബാലിന്‍റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും. കഥാസഞ്ചാരത്തോട് ചേര്‍ന്നുതന്നെയാണ് സംഗീതവും പോകുന്നത്.
എം ജെ രാധാകൃഷ്ണന്‍റേതാണ് ഛായാഗ്രഹണം. കഥയുടെ പരിസരവും കാലവും ശരിയായി ഉള്‍ക്കൊണ്ടുള്ള ക്യാമറാചലനങ്ങളാണ് ചിത്രത്തിന്‍റേത്.
അഭിനേതാക്കളില്‍ മികച്ചുനില്‍ക്കുന്നത് ദിലീപും കാവ്യയും ഇന്ദ്രന്‍സുമാണ്. കാവ്യ അടൂരിന്‍റെ കൂടെ ഇത് രണ്ടാം തവണയാണ്. ദേവി എന്ന നായികാ കഥാപാത്രത്തെ കാവ്യ ഉജ്വലമാക്കി. അടക്കമുള്ള അഭിനയത്തിലൂടെ ദിലീപ് മികച്ചുനിന്നു. എന്നാല്‍ ഞെട്ടിച്ചത് ഇന്ദ്രന്‍സാണ്. സ്വാഭാവികമായ പ്രകടനത്തിലൂടെ കഥാപാത്രത്തിന്‍റെ ജീവിതാവസ്ഥയെ സ്ക്രീനില്‍ പ്രതിനിധീകരിച്ചു ഈ നടന്‍.
ഒരു മനുഷ്യന്‍ കടന്നുപോകുന്ന ജീവിതഘട്ടങ്ങളുടെ അടൂര്‍ ശൈലിയിലുള്ള ചിത്രീകരണമാകുന്നില്ല പിന്നെയും എന്നിടത്താണ് പ്രേക്ഷകരും സിനിമയും തമ്മിലുള്ള ബന്ധത്തില്‍ ശ്രുതിഭംഗം സംഭവിക്കുന്നത്. ഇത് ഒരു സാധാരണ സിനിമ മാത്രമാന്. അടൂരിനെപ്പോലെ ഒരു വിശ്രുതസംവിധായകന്‍റെ കൈയൊപ്പ് ഇതില്‍ എവിടെയുമില്ല.
ഇതൊരു അടൂര്‍ ചിത്രമാണ് എന്ന ഓര്‍മ്മ മായ്ച്ചുകളഞ്ഞിട്ട് കണ്ടാല്‍ പ്രേക്ഷകന് കണ്ടിരിക്കാന്‍ കുഴപ്പമില്ലാത്ത ഒരു ശരാശരി സിനിമയാണ് പിന്നെയും. എന്നാല്‍ ഒരു സാധാരണ സിനിമയ്ക്കായി അടൂര്‍ ആക്ഷന്‍ പറയേണ്ടതില്ലല്ലോ.