20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1997 സെപ്റ്റംബര്‍ നാലിനാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖ റിലീസ് ചെയ്തത്. അന്ന് ഈ സിനിമയുടെ കളക്ഷന്‍ 16 കോടിയില്‍ കൂടുതലായിരുന്നു. അതായത്, ഇപ്പോഴത്തെ സാഹചര്യത്തിലാണെങ്കില്‍ 100 കോടി ക്ലബ് ഉറപ്പ്.
ഫാസില്‍ നിര്‍മ്മിച്ച ഈ സിനിമ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. ചാനലുകളില്‍ ഏറെ തവണ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ള സിനിമകളില്‍ മണിച്ചിത്രത്താഴിനും കിലുക്കത്തിനുമൊപ്പം ചന്ദ്രലേഖയ്ക്കും സ്ഥാനമുണ്ട്.
‘വൈല്‍ യു വെയര്‍ സ്ലീപ്പിംഗ്’ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ സുകന്യയുടെ കഥാപാത്രത്തെയും മുഹൂര്‍ത്തങ്ങളെയും സൃഷ്ടിക്കാന്‍ പ്രിയദര്‍ശന് പ്രചോദനമായിട്ടുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളിലും കാണാന്‍ കഴിയുന്നത്. ഈ സിനിമയിലെ നായികമാര്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ മഹാവിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകം. സുകന്യയും പൂജാബത്രയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.
മോഹന്‍ലാല്‍ - ശ്രീനിവാസന്‍ ടീം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മാമുക്കോയ, കൊച്ചിന്‍ ഹനീഫ, ഇന്നസെന്‍റ്, കുതിരവട്ടം പപ്പു തുടങ്ങിയവരുടെ തകര്‍പ്പന്‍ പ്രകടനം അവിസ്മരണീയമാണ്.
ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂര്‍ ചന്ദ്രലേഖയില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ പഞ്ച് അതാണ്. ജീവയായിരുന്നു ഛായാഗ്രഹണം. ബേണി ഇഗ്നേഷ്യസ് ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഒരുമിപ്പിച്ച് സിനിമയെടുക്കാന്‍ ഇപ്പോള്‍ പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും തമ്മില്‍ ഒരു മത്സരം നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രിയദര്‍ശന്‍ പ്ലാന്‍ ചെയ്യുന്ന ചിത്രം ചന്ദ്രലേഖയുടെ രണ്ടാം ഭാഗമായിരിക്കുമോ? കാത്തിരുന്ന് കാണാം.