പേരൻപ് ക്ലാസ് പടമെന്ന് കരുതുന്നവർക്ക് തെറ്റിയോ? മമ്മൂട്ടി ഒരു അത്ഭുതം തന്നെ !

Webdunia
ചൊവ്വ, 22 ജനുവരി 2019 (10:59 IST)
റാം സംവിധാനം ചെയ്ത പേരൻപ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യാനിരിക്കുകയാണ്. മമ്മൂട്ടിയെന്ന നടൻ പത്ത് വർഷങ്ങൾക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പേരൻപ്. സിനിമ കാണാൻ കാത്തിരിക്കുന്നവർക്കിടയിലേക്ക് ജോൺ സാമുവൽ എന്ന വ്യക്തിയെഴുതിയ കുറിപ്പ് വൈറലാവുകയാണ്. 
 
ജോൺ സാമുവലിന്റെ ഈ ഒരു കുറിപ്പ് കൊണ്ട് പേരൻപ് കാണാനുള്ള ആഗ്രഹം പത്തിരട്ടി വർദ്ധിക്കുകയാണെന്ന് മമ്മൂട്ടി ആരാധകർ പറയുന്നു. പേരൻപ് ഒരു ക്ലാസ് പടമല്ല, മറിച്ച് അതൊരു മാസ് പടമാണെന്നാണ് വൈറലാകുന്ന പോസ്റ്റിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
പേരൻപ് ഒരു ക്ലാസ് പടം അല്ല... ഇതൊരു മാസ് പടം !
 
തികച്ചും യാദൃച്ഛികമായി ഒരു ബിസിനസ് ആവശ്യാർഥം ഗോവയിൽ പോയ സമയത്താണ് പേരൻപ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നും നമുക്ക് പോകണം, ടിക്കറ്റ് കൈയിൽ ഉണ്ട് എന്നും പറഞ്ഞു സുഹൃത്തും ഒരു മമ്മൂട്ടി ഫാനുമായ രതീഷ് എന്നെ ക്ഷണിക്കുന്നത്. 
 
ഓട്ടിസം ബാധിച്ച ഒരു മകൾ ഉള്ള എന്റെ സുഹൃത്തിന്റെ അനുഭവം ഉള്ളതുകൊണ്ടുതന്നെ ഈ സിനിമ കാണണം എന്നൊരു മോഹം മനസ്സിൽ ഉണ്ടായിരുന്നു. അങ്ങിനെയാണ് രതീഷിനൊപ്പം പേരൻപ് കാണാൻ പോയത്. ഒരു സൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദതെയായിരുന്നു ഈ സിനിമയിലെ പല സീനുകളിലും അവിടെ സാക്ഷിയായത്. ഇതൊരു സിനിമയോ അതോ റിയൽ ലൈഫൊ എന്ന് സംശയിച്ചു പോയ പല നിമിഷങ്ങൾ. 
 
പപ്പായയും അവളുടെ അച്ഛൻ അമുദവാനും നമ്മുടെ മുൻപിൽ എല്ലാം മറന്ന് ജീവിക്കുകയാണ്. മമ്മൂട്ടിയെന്ന നടന്റെ മികച്ച പ്രകടനങ്ങളും മോശം സിനിമകളും ഒക്കെ കണ്ടിട്ടുള്ളതുകൊണ്ട് ഒരു മുൻവിധി ഇല്ലായിരുന്നു. പക്ഷെ അമുദവാനായുള്ള മമ്മൂട്ടിയുടെ ആ പരകായപ്രവേശം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. 
 
ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ എന്ന് തോന്നി അഭിമാനം തോന്നിയ ഒരുപാട് നിമിഷങ്ങൾ ഈ സിനിമ എനിക്ക് സമ്മാനിച്ചു. സമീപകാലത്തൊന്നും മലയാളി ഈ നടനെ ഇങ്ങനെ ചൂഷണം ചെയ്തിട്ടില്ല. വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയുടെ അഭിനയ പാടവം വെളിച്ചതുകൊണ്ടുവരാൻ റാമിനെ പോലെ ഒരു തമിഴ് സംവിധായകൻ വേണ്ടിവന്നു എന്നത് ഒരുപക്ഷെ നമ്മുടെ കുറവ് തന്നെയാകാം. 
 
പക്ഷെ ഒരു മലയാളിയേക്കാൾ മമ്മൂട്ടിയുടെ കഴിവുകൾ തിച്ചറിയാനും പൂർത്തിയാക്കിയ തിരക്കഥയുമായി ഏഴു വർഷത്തോളം മമ്മൂട്ടിക്കായി കാത്തിരിക്കാനും റാം എന്ന സംവിധായകൻ തയ്യാറായി എങ്കിൽ ഈ നടനെ 'the face of Indian Cinema' എന്നു തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്... !
 
മമ്മൂട്ടിയുടെ മാസ് പടങ്ങൾ കണ്ടു കൈയടിക്കുന്ന ആരാധകരോട് എനിക്ക് പറയാനുള്ളത് ഇതൊരു ക്ലാസ് പടം അല്ല... ഇതൊരു മാസ് സിനിമയാണ്... മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് കൊണ്ടു മാസ്സ് ആക്കിതത്തീർത്ത ഒരു ക്ലാസ് സിനിമ. 
 
ഒരു നിമിഷം പോലും ബോറടിക്കാതെ ഈ സിനിമയെ ആദ്യാവസാനം ഒരു അനുഭവമാക്കിത്തീർത്ത റാം എന്ന സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. തീർച്ചയായും ഇത് കുടുംബസമേതം കാണേണ്ട ഒരു സിനിമയാണ്. ഓട്ടിസത്തിന്റെ മറ്റൊരു തീക്ഷ്ണമായ Cerebral palsy എന്ന അസുഖം ബാധിച്ച ഒരു മകളുടെയും അവളെ ജീവനേക്കാളുപരി സ്നേഹിച്ച ഒരച്ഛന്റെയും ഹൃദയം നോവുന്ന കാഴ്ച്ചാനുഭവങ്ങൾ പകർന്നു നൽകുന്ന ഒരു സിനിമ.
 
ഫിലിം ഫെസ്റ്റിവലിലെ തിങ്ങി നിറഞ്ഞ തിയേറ്ററിൽ ഈ സിനിമ തീർന്ന ശേഷം ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും മടിച്ച കുറെ പേരെ കണ്ടു. പത്തു മിനിറ്റോളം നീണ്ട കരഘോഷമായിരുന്നു പിന്നീട് കണ്ടത്. അത്രയ്ക്കും ഹൃദ്യമായ ;സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ ഒരുപാട് മുഹൂർത്തങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് ഒരു തീക്കനൽ പോലെ കോരിയിടുന്ന ഒരു സിനിമ... !
 
ഈ സിനിമ നിങ്ങൾ കണ്ടില്ല എങ്കിൽ മമ്മൂട്ടിയുടെ മികച്ച പ്രകടനം നിങ്ങൾ കണ്ടിട്ടില്ല എന്ന് പറയേണ്ടി വരും.ഇത് ഒരു മമ്മൂട്ടി ആരാധകന്റെ കുറിപ്പല്ല ; മറിച്ചു പേരൻപിലെ അമുദവൻ എന്ന ഒരൊറ്റ കഥാപത്രം കൊണ്ടു ഈ നടന്റെ (താരത്തിന്റെയല്ല ) ആരാധകനാക്കി മാറ്റിയ ഒരാളുടെ കുറിപ്പാണു.

അനുബന്ധ വാര്‍ത്തകള്‍

Next Article