മലയാള സിനിമയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗായകനായി എത്തിയ വിനീത് കൈവെക്കാത്ത മേഖലയില്ലെന്ന് പറയാം. ഇപ്പോഴിതാ നിർമാണരംഗത്തും ഒരു കൈ നോക്കികളയാം എന്നാണ് താരത്തിന്റെ തീരുമാനം. ഓൾ റൗണ്ടർ എന്ന വിശേഷണം ലഭിച്ച താരങ്ങൾ മലയാള സിനിമയിൽ കുറവാണ്. നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് വിനീത് നിർമാണരംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്.
സൗഹൃദങ്ങളെ ആഘോഷമാക്കുന്ന യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. കോളേജ് കാമ്പസിൽ നിന്ന് പടിയിറങ്ങിയവരെ പഴയ ഓര്‍മകളിലേക്ക് ആനന്ദം തിരിച്ചുകൊണ്ടു പോകുമെന്ന് വിനീത് പറയുന്നു. മാതൃഭൂമി ഡോട് കോമിനു നൽകിയ അഭിമുഖത്തിലാണ് വിനീത് ആനന്ദത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
കോളജിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ സിനിമയിലൂടെ അവരെ തന്നെ കണ്ടാസ്വദിക്കാം. കാമ്പസ് ഓർമകൾ ഇല്ലാത്തവർക്ക് ഒരു വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കാം. കുരുത്തക്കേടുകളും കുറുമ്പുകളും കുസൃതികളുമാണ് ആനന്ദത്തിൽ ഉള്ളത്. മലർവാടികൂട്ടത്തിന് നൽകിയ അതേ പിന്തുണ ആനന്ദത്തിനും നൽകുക. മലർവാടിക്ക് ലഭിച്ച പ്രോത്സാഹനമാണ് എന്റെ ഊര്‍ജം. അതേ സ്‌നേഹവും പ്രോത്സാഹനവും ആനന്ദത്തിനും പ്രേക്ഷകരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിനീത് പറയുന്നു.