മമ്മൂട്ടിയുടെ സിബിഐ 5, ബജറ്റ് 25 കോടി?

തിങ്കള്‍, 5 മാര്‍ച്ച് 2018 (15:12 IST)
മമ്മൂട്ടി വീണ്ടും സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി അഭിനയിക്കുന്ന ചിത്രം ബിഗ് ബജറ്റില്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 25 കോടിയെങ്കിലും ബജറ്റ് വരുമെന്നാണ് സൂചന. ഒരു ഹൈടെക് ത്രില്ലറായി ഈ സിനിമ ഒരുക്കാനാണ് തീരുമാനം എന്നുമറിയുന്നു. രണ്‍ജി പണിക്കരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 
 
ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. എന്തായാലും ഒടുവില്‍ അത് സംഭവിക്കുകയാണ്. അടുത്ത വര്‍ഷം സി ബി ഐ സീരീസിലെ അഞ്ചാം ചിത്രം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. വളരെ നേരത്തേതന്നെ എസ് എന്‍ സ്വാമി ഈ പ്രൊജക്ടിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയതാണ്. 
 
1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.
 
ഇനി സി ബി ഐ സീരീസില്‍ ഒരു സിനിമ ചെയ്യേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അഞ്ചാം ഭാഗത്തിനായി എസ് എന്‍ സ്വാമി എഴുതിയ തിരക്കഥ മറ്റേതെങ്കിലും താരത്തെ വച്ച് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചതുമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നയകകഥാപാത്രമാക്കി വളര്‍ത്തി ഈ സിനിമ ചെയ്താലോ എന്നുവരെ കെ മധുവും എസ് എന്‍ സ്വാമിയും ചിന്തിച്ചു. പിന്നീട് മമ്മൂട്ടി തന്നെ ഈ പ്രൊജക്ട് ഏറ്റെടുക്കുകയായിരുന്നു. ഈ ചിത്രം കൂടി ഭംഗിയായി ചെയ്യാമെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവത്രേ.  
 
“എനിക്ക് ഇന്‍സെക്യൂരിറ്റി ഒന്നുമില്ല. എന്‍റെ കോണ്‍‌ഫിഡന്‍സ് എന്നുപറയുന്നത് കൂടെയുള്ളവര്‍ തരുന്ന ഒരു കോണ്‍ഫിഡന്‍സാണ്. ഈ കഥ കേട്ടിട്ട് എന്‍റെ പ്രൊഡ്യൂസര്‍ പറഞ്ഞത് തനിക്ക് ഇനി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല, ഐ ആം റെഡി എന്നാണ്. ഡയറക്ടര്‍ കെ മധു പറഞ്ഞത് ഇതുവരെ കേട്ട സി ബി ഐ കഥയെക്കാളും ഈ കഥയാണ് ഇഷ്ടപ്പെട്ടത്. ഇതിന്‍റെ ട്രീറ്റുമെന്‍റും ട്വിസ്റ്റും ടേണ്‍സുമാണ്. അതുകൊണ്ട് തനിക്ക് യാതൊരു ഭയവുമില്ല എന്നാണ്” - മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കുറച്ചുനാള്‍ മുമ്പ് എസ് എന്‍ സ്വാമി പറഞ്ഞിരുന്നു. 
 
സി ബി ഐ പരമ്പരയില്‍ ഒരു മാറ്റത്തിനായി മമ്മൂട്ടിയെ മാറ്റി മറ്റൊരാളെ ആ സ്ഥാനത്ത് ആലോചിച്ചിരുന്നതായി സ്വാമി ആ അഭിമുഖത്തില്‍ വെളിപ്പെടുത്തി. “സി ബി ഐ പരമ്പരയിലെ അഞ്ചാം ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതിന് എനിക്ക് മറ്റൊരു ഓപ്ഷന്‍ അതിനേക്കാള്‍ ബെറ്ററായി തോന്നാത്തതാണ് ഒരുകാരണം. പിന്നെ ലബ്‌ധപ്രതിഷ്ഠ നേടിയ ഒരു കഥാപാത്രത്തെ മാറ്റിച്ചിന്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യമില്ലാത്തതും ഒരു കാരണമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഇത് ഒന്നാലോചിക്കാന്‍ മമ്മൂട്ടി തന്നെ നിര്‍ദ്ദേശിച്ചതുമാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല” - എസ് എന്‍ സ്വാമി അന്ന് പറഞ്ഞു.  
 
ഈ ചിത്രത്തിലൂടെ സേതുരാമയ്യരുടെ അന്വേഷണം ആദ്യമായി കേരളത്തിന് പുറത്തേക്ക് പോകുകയാണ്. കൊച്ചിക്ക് പുറമേ ഡല്‍ഹിയിലും ഹൈദരാബാദിലും സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ട് ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍