മമ്മൂട്ടിയുടെ എഡ്ഡി ക്രിസ്മസിന് വരുന്നുണ്ട്, കൂടെ വരാമെന്ന് ആരെങ്കിലും കരുതിയാല്‍ ചിലപ്പോള്‍ പണികിട്ടും!

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (18:12 IST)
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘മാസ്റ്റര്‍ പീസ്’ പ്രദര്‍ശനത്തിന് തയ്യാറായി. മമ്മൂട്ടി ചട്ടമ്പി പ്രൊഫസറാകുന്ന സിനിമ റിലീസ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായാണ് മാസ്റ്റര്‍ പീസ് പ്രദര്‍ശനത്തിനെത്തുന്നത്. ആ സമയത്ത് റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും മാസ്റ്റര്‍ പീസിന്‍റെ വരവ് പ്രമാണിച്ച് റിലീസ് നീക്കിവച്ചതായാണ് വിവരം.  
 
മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാസ്റ്റര്‍ പീസ് മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.
 
മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിന്‍റെ വിളിപ്പേര് ‘എഡ്ഡി’ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. 
 
ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
 
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
 
മാസ്റ്റര്‍ പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article