ദിലീപിനെ മമ്മൂട്ടി സഹായിച്ചു, അത് ആരുമറിഞ്ഞില്ല!

ചൊവ്വ, 7 നവം‌ബര്‍ 2017 (16:56 IST)
സിനിമ പ്രവചനാതീതമായ കലയാണ്. അവിടെ ഇന്നത്തെ താരങ്ങള്‍ നാളത്തെ കരിക്കട്ടകള്‍. ഇന്നത്തെ പാഴ്ക്കല്ലുകള്‍ നാളെയുടെ നക്ഷത്രങ്ങള്‍. ഉയര്‍ച്ചതാഴ്ചകളും അപ്രതീക്ഷിത വിജയങ്ങളും തിരിച്ചടികളുമെല്ലാം നിറഞ്ഞ മായാലോകം.
 
ജനപ്രിയനായകന്‍ ദിലീപിന്‍റെ കരിയറിലെ ഒരു മോശം വര്‍ഷമായിരുന്നു 2004. അതിനുതൊട്ടുമുമ്പിലത്തെ വര്‍ഷവും ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും 2004 പല പടങ്ങളും ഗംഭീരമായിത്തന്നെ പൊട്ടി.
 
രസികന്‍, കഥാവശേഷന്‍, തെക്കേക്കര സൂപ്പര്‍ഫാസ്റ്റ്, വെട്ടം, പെരുമഴക്കാലം എന്നിങ്ങനെ പരാജയങ്ങളുടെ തുടര്‍ക്കഥ. 2003ലും ഗ്രാമഫോണ്‍, സദാനന്ദന്‍റെ സമയം, മിഴിരണ്ടിലും, വാര്‍ ആന്‍റ് ലൌ, പട്ടണത്തില്‍ സുന്ദരന്‍ അങ്ങനെ അപ്രതീക്ഷിതമായ വമ്പന്‍ പരാജയങ്ങള്‍ ദിലീപിനെ തേടിയെത്തിയിരുന്നു.
 
ഈ പരാജയങ്ങളില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് ആശങ്കപ്പെട്ടുനില്‍ക്കുമ്പോഴാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും ഒരു തിരക്കഥയുമായി സമീപിക്കുന്നത്. വാളയാര്‍ ചെക്പോസ്റ്റ് വഴി അതിവിദഗ്ധമായി സ്പിരിറ്റ് കടത്തുന്ന പരമശിവം എന്ന യുവാവിന്‍റെ സാഹസങ്ങളായിരുന്നു ആ കഥയില്‍.
 
ദിലീപിന് കഥ ഗംഭീരമായി ഇഷ്ടമായി. ഇത്രയും ആക്ഷന്‍ നിറഞ്ഞ കഥകള്‍ മുമ്പ് ദിലീപ് ചെയ്തിരുന്നില്ല. ആക്ഷന്‍ സിനിമകളുടെ അവസാനവാക്കായ ജോഷി ചിത്രത്തിന്‍റെ സംവിധാനച്ചുമതലയേറ്റു. ‘റണ്‍‌വേ’ എന്ന് പേരിട്ട സിനിമ ദിലീപിന്‍റെ കരിയറിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി. അതുവരെ ആക്ഷന്‍ ത്രില്ലറുകളില്‍ നിന്ന് അകന്നുനിന്ന ദിലീപിന് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയത് റണ്‍‌വേ ആയിരുന്നു.
 
എന്നാല്‍ ഈ വിജയചരിത്രത്തിന് ഒരു പിന്നാമ്പുറക്കഥയുണ്ടെന്ന് അറിയുമ്പോഴാണ് കൌതുകമേറുന്നത്. ‘റണ്‍‌വേ’യുടെ കഥ 1998ല്‍ മമ്മൂട്ടി കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാമെന്നുറപ്പിച്ച് അഞ്ചുലക്ഷം രൂപ അഡ്വാന്‍സും വാങ്ങിയതാണത്രേ. ബാലു കിരിയത്തായിരുന്നു ആ സിനിമ സംവിധാനം ചെയ്യാനിരുന്നത്. 
 
എന്നാല്‍ ചിത്രം വിതരണം ചെയ്യാനിരുന്ന കമ്പനി ചില സാമ്പത്തികപ്രതിസന്ധികളില്‍ പെട്ടപ്പോള്‍ പടം മുടങ്ങി. മമ്മൂട്ടി അഡ്വാന്‍സ് തിരിച്ചുനല്‍കുകയും ചെയ്തു. ആ കഥയണ് തേച്ചുമിനുക്കി വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയനും സിബിയും ‘റണ്‍‌വേ’ ആക്കി മാറ്റിയത്. അങ്ങനെ മമ്മൂട്ടി വേണ്ടെന്നുവച്ച ആ തിരക്കഥ ആപത്കാലത്ത് ദിലീപിന് വലിയ സഹായമായി മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍