2024 ൽ പല നടന്മാർക്കും മികച്ച വർഷമായിരുന്നു. പൃഥ്വിരാജ് മുതൽ ആസിഫ് അലി വരെയുള്ള താരങ്ങൾക്ക് ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞ വർഷം. സൂപ്പർതാരങ്ങൾ മുതൽ യുവതാരങ്ങൾ വരെ ഒരുപോലെ തിളങ്ങിയ വർഷമായിരുന്നു ഇത്. പുതുവർഷം പുതിയ സിനിമകൾ റിലീസിനുണ്ട്. ഇക്കുറി വലിയ ഹിറ്റ് പ്രതീക്ഷിക്കുന്ന ഒരുപിടി സിനിമകൾ ആദ്യം തന്നെ എത്തുന്നുണ്ട്. ഐഡന്റിറ്റി മുതൽ തുടരും വരെയാണ് ജനുവരിയിലെ വമ്പൻ റിലീസുകൾ.
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഐഡന്റിറ്റി'യാണ് അതിലെ ആദ്യ റിലീസ്. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി രണ്ടിന് തിയേറ്ററുകളിലെത്തും.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' ജനുവരി ഒമ്പതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ആസിഫ് അലിയുടെ അടുത്ത വർഷത്തെ ആദ്യ ഹിറ്റായിരിക്കും ഇതെന്ന് സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറുമെല്ലാം ഉറപ്പ് നൽകുന്നുണ്ട്. ആൾട്ടർനേറ്റ് ഹിസ്റ്ററി ഴോണറിലുള്ള മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സിനിമയാണ് രേഖാചിത്രമെന്നാണ് എഡിറ്റർ ഷമീർ മുഹമ്മദ് പറഞ്ഞത്.
രണ്ടു ത്രില്ലറുകൾക്ക് ശേഷം പൊട്ടിച്ചിരിപ്പിക്കാൻ അനശ്വരയും കൂട്ടരും ജനുവരി 10 ന് റിലീസ് ആകും. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ' ഒരു കോമഡി ഡ്രാമയാണ്.
കഴിഞ്ഞ വർഷങ്ങളിൽ തിയേറ്ററിലെ പ്രേക്ഷകരുടെ മനസിലും തിളങ്ങിയ അഭിനേതാക്കളാണ് സുരാജ് വെഞ്ഞാറമൂടും ജോജു ജോർജും. ഇരുവർക്കുമൊപ്പം അലന്‍സിയറും പ്രധാന വേഷത്തിലെത്തുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമയും ജനുവരി 16 നാണ് തിയേറ്ററുകളിലെത്തുന്നത്. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ വർഷത്തെ ഹിറ്റ് നടൻ ആരെന്ന ചോദ്യത്തിന് ബേസിൽ ജോസഫ് എന്നാണ് ഉത്തരം. ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രമാണ് 'പ്രാവിൻ കൂട് ഷാപ്പ്'. ഒരു നാട്ടിന്‍ പുറത്തെ കള്ള് ഷാപ്പും അവിടെ നടക്കുന്ന ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവും പശ്ചാത്തലമാക്കി കഥ പറയുന്ന സിനിമയിൽ സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജനുവരി 16 നാണ് ഈ സിനിമയുടെയും റിലീസ്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' ആണ് ജനുവരിയിലെ അവസാന റിലീസ്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മാത്രമല്ല മലയാളത്തിന്റെ ഹിറ്റ് ജോഡിയായ മോഹൻലാൽ-ശോഭന കൂട്ടുകെട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.