പ്രേമവും മലരും ഈ വര്‍ഷം മലയാള സിനിമയിലെ ഏറ്റവും വലിയ സംഭവങ്ങളായിരുന്നു. മലയാളിയുവത്വത്തെ ഏറ്റവും സ്വാധീനിച്ച സിനിമകളില്‍ മുന്‍ നിരയിലേക്ക് പ്രേമം എത്തി. പെണ്‍കുട്ടികള്‍ക്ക് മുഖക്കുരു സൌന്ദര്യത്തിന്‍റെ ലക്ഷണമായി. മലര്‍ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയുടെ പുതിയ സിനിമ ഏതായിരിക്കും എന്നത് സംബന്ധിച്ച് എത്ര അഭ്യൂഹങ്ങള്‍ പരന്നു! ഇനി സായ് പല്ലവി അഭിനയിക്കരുതെന്നുവരെ ആരാധകര്‍ ആവശ്യപ്പെട്ടു. സായ് പല്ലവിയെ മലരായല്ലാതെ മറ്റൊരു കഥാപാത്രമായി കാണാന്‍ കഴിയില്ലെന്ന ആരാധകസങ്കടമായിരുന്നു അതിനുപിന്നില്‍.
എന്തായാലും മലര്‍ വീണ്ടും വരുകയാണ്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയായാണ് സായ് പല്ലവി അഭിനയിക്കുന്നത്. ഈ ചിത്രത്തിനായി സായ് പല്ലവി കരാറില്‍ ഒപ്പിട്ടതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
രാജേഷ് ഗോപിനാഥന്‍ എന്ന നവാഗതനാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. ഹാന്‍ഡ് മെയ്ഡ് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ഗിരീഷ് ഗംഗാധരന്‍. ചിത്രീകരണം കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും. വാഗമണ്‍, മസനഗുഡി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും.
റെക്‌സ് വിജയനാണ് സംഗീതം. കലാസംവിധാനം ഗോകുല്‍ദാസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്. ഇതൊരു റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. താരനിര്‍ണയം പുരോഗമിക്കുകയാണ്. ചാപ്പാകുരിശ്, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്നീ ഹിറ്റുകള്‍ക്ക് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.