‘അറബിക്കഥ’യുടെ മറുവശം പറയാന്‍ ലാല്‍ ജോസ്

Webdunia
ശനി, 28 ജനുവരി 2012 (18:21 IST)
PRO
സ്പാനിഷ് മസാല മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ലാല്‍ ജോസ് കൈനിറയെ പ്രൊജക്ടുകളുമായി തിരക്കിലാണ്. അടുത്തതായി ചെയ്യുന്ന പടം ‘ഡയമണ്ട് നെക്ലേസ്’ ആണ്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍.

ഈ ചിത്രം ‘അറബിക്കഥ’യുടെ മറുവശമാണെന്ന് ലാല്‍ ജോസ് പറയുന്നു. “അറബിക്കഥ പോലെ പ്രവാസികളുടെ കഥ തന്നെയാണ് ഡയമണ്ട് നെക്ലേസും. അന്യരാജ്യത്ത് ജീവിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ മനുഷ്യരുടെ കഥയായിരുന്നു അറബിക്കഥ പറഞ്ഞത്. എന്നാല്‍ ഡയമണ്ട് നെക്ലേസ് ജീവിതം അടിച്ചുപൊളിക്കുന്ന പ്രവാസികളായ ചെറുപ്പക്കാരുടെ കഥയാണ്. ഗള്‍ഫിലെ അപ്പര്‍ക്ലാസ് ജീവിതത്തിന്‍റെ കഥ. ബാങ്കിംഗ്, മെഡിക്കല്‍ സെക്ടറുകളില്‍ ജോലി ചെയ്യുന്നവരുടെ ജീവിതമാണ് മുഖ്യമായും പറയുന്നത്” - ലാല്‍ ജോസ് വ്യക്തമാക്കുന്നു.

സ്പാനിഷ് മസാല പോലെ ഡയമണ്ട് നെക്ലേസും ഒരു പ്രണയകഥയാണ്. ഈ ചിത്രത്തില്‍ ഫഹദ് ഫാസിലിന് മൂന്ന് നായികമാരുണ്ട്. സംവൃത സുനില്‍, ഗൌതമി(സെക്കന്‍റ് ഷോയിലെ നായിക), അനുശ്രീ എന്നിവര്‍. ഇതില്‍ അനുശ്രീയെ ഒരു റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയതാണ്. അമല പോള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അത് വാസ്തവ വിരുദ്ധമാണ്.

ശ്രീനിവാസന്‍, ജഗതി, രോഹിണി എന്നിവരും ഡയമണ്ട് നെക്ലേസിലെ താരങ്ങളാണ്.