സൂപ്പര്‍സ്റ്റാറുകള്‍ക്ക് മുന്നറിയിപ്പായി ഒരു കൊച്ചുചിത്രം!

Webdunia
ചൊവ്വ, 3 ജനുവരി 2012 (17:56 IST)
PRO
മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ പ്രായത്തിനും അഭിനയപാകതയ്ക്കും അനുസരിച്ചുള്ള കഥാപാത്രങ്ങളെയല്ല അവതരിപ്പിക്കുന്നത് എന്നത് വളരെ പഴക്കം ചെന്ന വിമര്‍ശനമാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ ആയിരം തവണ ആവര്‍ത്തിച്ചാലും സൂപ്പര്‍താരങ്ങള്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന കാഴ്ച തുടരുകതന്നെ ചെയ്യുന്നു.

ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, ഓഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിക്കേണ്ടിയിരുന്നവയാണോ എന്ന് അവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. എന്നാല്‍ ഈ സിനിമകളില്‍ പലതിനെയും പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളഞ്ഞപ്പോള്‍ ഒരു കൊച്ചു സിനിമ വിസ്മയം സൃഷ്ടിക്കുകയാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ബ്യൂട്ടിഫുള്‍’ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. രാജപാട്ടൈ, ഒസ്തി പോലുള്ള ചില സിനിമകള്‍ റിലീസാകുമ്പോള്‍ ബ്യൂട്ടിഫുളിനെ മാറ്റിയ തിയേറ്ററുകള്‍ പലതും വീണ്ടും ബ്യൂട്ടിഫുള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. കഥയുടെ കരുത്തും ഭംഗിയും തന്നെയാണ് ഈ സിനിമയുടെ വലിയ വിജയത്തിന് കാരണം.

അനൂപ് മേനോന്‍റെ തിരക്കഥ, ജയസൂര്യയുടെയും മേഘ്നാ രാജിന്‍റെയും ഗംഭീര അഭിനയപ്രകടനം എന്നിവയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുന്ന ഘടകങ്ങള്‍. കൃത്യതയാര്‍ന്ന ഡയലോഗുകള്‍ സിനിമയുടെ പ്ലസ് പോയിന്‍റാണ്.

ക്രിസ്മസിന് റിലീസായ സൂപ്പര്‍താര സിനിമകള്‍ പോലും ബോക്സോഫീസില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവയ്ക്കുമ്പോള്‍ ബ്യൂട്ടിഫുള്‍ കളിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ ഹൌസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്നു. ഇത്തരം നല്ല സിനിമകള്‍ വിജയിപ്പിക്കുന്നതിലൂടെ താരാധിപത്യത്തിന് അന്ത്യം കുറിക്കാനാണ് മലയാളി പ്രേക്ഷകര്‍ ശ്രമിക്കുന്നത് എന്ന് പ്രത്യാശിക്കാം.