തറ കോമഡി പറയുന്ന താരം മാത്രമല്ല താന്‍ എന്ന് സലിംകുമാര്‍ തെളിയിച്ച ചിത്രമായിരുന്നു ലാല്‍ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’. മൂന്ന് പെണ്മക്കളുടെ അച്ഛനായ സാമുവലിന്റെ വേദന പ്രേക്ഷകഹൃദയങ്ങളിലേക്ക് ആഴത്തില്‍ എത്തിച്ച സലിംകുമാര്‍ വീണ്ടും നായകനാകുന്നു.
ഏറെ അഭിയപ്രാധാന്യമുള്ള മുഴുനീള വേഷമാണ് ഇത്തവണയും സലിംകുമാറിനെ തേടി എത്തിയിരിക്കുന്നത്. പുതുമഖ സംവിധായകന് ദേവപ്രസാദ് സംവിധാനം ചെയ്യുന്ന ‘ലൈറ്റ്’ എന്ന ചിത്രത്തില്‍ രാമന് പറയന് എന്ന കമ്മ്യൂണിസ്റ്റ്കാരനെയാണ് സലിംകുമാര്‍ അവതരിപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് നേതാവിനൊപ്പമുള്ള സഹാവാസത്തിലൂടെ പാര്‍ട്ടി അനുഭാവിയായി ഒളിവുജീവിതം നയിച്ച രാമന് പറയന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
മുപ്പത്തിനാലുകാരനായും എണ്പത്തിനാലുകാരനായും സലിംകുമാര്‍ എത്തുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേരോട്ടത്തെ കുറിച്ചുള്ള ചിത്രം കൂടിയായിരിക്കും ‘ലൈറ്റ്’.
ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, എം ആര് ഗോപകുമാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നറിയുന്നു.
‘അച്ഛനുറങ്ങാത്ത വീടിന്’ ശേഷം നിരവധി നായകവേഷങ്ങള്‍ തേടി എത്തിയെങ്കിലും സലിംകുമാര്‍ വീണ്ടും കോമഡിയുടെ തട്ടകത്തിലേക്ക് മടങ്ങുകയായിരുന്നു.