സമീര അഭിസാരികയാകുന്നു!

Webdunia
ബുധന്‍, 16 ജൂണ്‍ 2010 (18:20 IST)
IFM
‘ഒരുനാള്‍ വരും’ എന്ന മലയാള സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നായിക സമീര റെഡ്ഡി നേരെ പോയത് ഗൌതം വാസുദേവ് മേനോന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ്. ചെന്നൈയിലും ഇ സി ആറിലുമായി ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സമീര റെഡ്ഡി ഈ ചിത്രത്തില്‍ അഭിസാരികയായാണ് അഭിനയിക്കുന്നത്. സമീരയുടെ കരിയറില്‍ ഒരുപക്ഷേ, വഴിത്തിരിവായേക്കാവുന്ന കഥാപാത്രം.

സമീര അവതരിപ്പിക്കുന്ന കഥാപാത്രം രാത്രികളില്‍ നടത്തുന്ന ‘ആണ്‍‌വേട്ട’യാണത്രേ ചിത്രത്തിന്‍റെ പ്രമേയം. ഗൌതം മേനോന്‍റെ അസിസ്റ്റന്‍റായ വീരയാണ് ഈ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. പ്രത്യേകതകള്‍ ഏറെയുള്ള സിനിമയാണിത്. 90 മിനിറ്റ് മാത്രമാണ് ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവിയുടെ ദൈര്‍ഘ്യം.

ഈ സിനിമയില്‍ പാട്ടുകളോ പശ്ചാത്തല സംഗീതമോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഗാനങ്ങളില്ലാതെ ഒരു ഗൌതം ചിത്രം വരുന്നത്. പ്രണയവും വയലന്‍സും രതിയും ഇടകലര്‍ന്ന ഈ സിനിമ ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ അനുഭവമായിരിക്കും.

വളരെക്കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ഈ സിനിമ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. മള്‍ട്ടിപ്ലക്സ് പ്രേക്ഷകരെ മാത്രം ലക്‍ഷ്യം വച്ചുകൊണ്ടുള്ള സിനിമയെന്ന് സംവിധായകന്‍ തന്നെ പറയുന്നു. ജൂലൈയില്‍ ഈ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ത്രിഷയെ നായികയാക്കി ചെയ്യാനിരുന്ന ‘ചെന്നൈയില്‍ ഒരു മഴക്കാലം’ എന്ന പ്രൊജക്ടാണ് സമീര റെഡ്ഡിയെ നായികയാക്കി ഗൌതം ഇപ്പോള്‍ ഒരുക്കുന്നതെന്ന് സൂചനയുണ്ട്.