വേട്ടൈയാട് വിളയാട് ഹിന്ദിയില്‍, ഷാരുഖ് നായകന്‍?

Webdunia
തിങ്കള്‍, 23 ജനുവരി 2012 (20:08 IST)
PRO
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘വേട്ടൈയാട് വിളയാട്’ എന്ന തമിഴ് ചിത്രം 2006ലാണ് റിലീസായത്. വന്‍ ഹിറ്റായി മാറിയ ഈ സിനിമയില്‍ കമലഹാസനായിരുന്നു നായകന്‍. 24 കോടി രൂപ മുതല്‍ മുടക്കിയെടുത്ത വേട്ടൈയാട് വിളയാട് 50 കോടിയിലേറെ കളക്ട് ചെയ്തു. ഈ ആക്ഷന്‍ ത്രില്ലര്‍ പൊലീസ് സ്റ്റോറി ഹിന്ദിയിലെടുക്കാനുള്ള തീരുമാനത്തിലാണ് ഗൌതം മേനോന്‍ ഇപ്പോള്‍.

കമലഹാസന്‍ അവതരിപ്പിച്ച ഡി സി പി രാഘവന്‍ എന്ന കഥാപാത്രത്തെ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഷാരുഖിനെ ലഭിച്ചില്ലെങ്കില്‍ സല്‍മാനെ സമീപിക്കാനാണ് മേനോന്‍റെ തീരുമാനം.

“വേട്ടൈയാട് വിളയാട് ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ ഞാന്‍ ആലോചിക്കുകയാണ്. കമല്‍ഹാസന്‍ അവതരിപ്പിച്ച നായക കഥാപാത്രം ഷാരുഖ് ഖാന് ഇണങ്ങുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷാരുഖിനെയോ സല്‍മാനെയോ ആണ് നായകനായി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതുവരെ ഒരാളെയും ഞാന്‍ സമീപിച്ചിട്ടില്ല.” - ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ചകള്‍ ആരംഭിച്ച് വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഗൌതം വാസുദേവ് മേനോന്‍ പറയുന്നു.

‘രഹ്‌നാ ഹെ തേരെ ദില്‍‌ മേം’ എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ രംഗപ്രവേശം ചെയ്ത ഗൌതം മേനോന്‍ ഇപ്പോള്‍ ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ ഹിന്ദി റീമേക്ക് ‘ഏക് ദീവാനാ ഥാ’യുടെ റിലീസിംഗ് തിരക്കിലാണ്. അതിന് ശേഷം ‘നീ താനേ എന്‍ പൊന്‍‌വസന്തം’ എന്ന തമിഴ് - ഹിന്ദി - തെലുങ്ക് പ്രൊജക്ടുണ്ട്. അതുകഴിഞ്ഞാല്‍ വിജയ് നായകനാകുന്ന ‘യോഹന്‍: അധ്യായം ഒണ്‍‌ട്ര്’. ഈ പ്രൊജക്ടുകള്‍ കഴിഞ്ഞേ വേട്ടൈയാട് വിളയാട് ഹിന്ദി സാധ്യമാകൂ.