വിജയ്‌ക്കൊപ്പം ശരത്‌കുമാര്‍, അജിത്തിനൊപ്പം ആര്യ!

Webdunia
ചൊവ്വ, 15 മെയ് 2012 (12:21 IST)
PRO
PRO
പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത് ഹോളിവുഡിലും ബോളിവുഡിലും വലിയ വാര്‍ത്തയല്ല. ഇതിന്റെ ചുവട് പിടിച്ച് മലയാളത്തിലും ചില പരീക്ഷണങ്ങള്‍ നടക്കുകയുണ്ടായി. ചൈനാ ടൌണും കിംഗ് ആന്‍‌ഡ് കമ്മീഷണറുമൊക്കെ അത്തരം സിനിമകളാണ്. തമിഴില്‍ ഈയൊരു പതിവ് വളരെ അപൂര്‍വമാണ്. എന്നാലിപ്പോള്‍ താരമൂല്യമുള്ള താരങ്ങളെ ഒരുമിച്ച് അഭിനയിപ്പിച്ച് ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് കോടമ്പാക്കവും.

ഇപ്പോഴുള്ള യുവതാരങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള വിജയ്‌യും അജിത്തുമാണ് മള്‍ട്ടീസ്റ്റാര്‍ ചിത്രങ്ങളുമായി എത്തുന്നത്. വിജയ്‌യിന് വേണ്ടി ‘ഗജിനി’ ഫെയിം മുരുഗദോസ് ഒരുക്കുന്ന ‘തുപ്പാക്കി’ എന്ന ചിത്രത്തില്‍ ‘സുപ്രീം സ്റ്റാറായ’ ശരത്‌കുമാര്‍ അഭിനയിക്കുന്നു. സൂപ്പര്‍ ഹിറ്റ് സംവിധായകനായ വിഷ്ണുവര്‍ദ്ധന്റെ പേരിടാത്ത ചിത്രത്തില്‍ ‘തലൈ’ അജിത്തിനൊപ്പം തമിഴകത്തിന്റെ പുതിയ രോമാഞ്ചമായ ആര്യ കൈകോര്‍ക്കുകയാണ്.

നായകനായി അഭിനയിക്കണം എന്ന ശാഠ്യമൊന്നുമില്ലാത്ത ശരത്‌കുമാര്‍ ഇതിനകം തന്നെ പല സിനിമകളിലും പ്രമുഖ താരങ്ങള്‍ക്കൊപ്പം കൈകോര്‍ത്തിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രമായ കാഞ്ചനയില്‍ ഒരു ‘ശിഖണ്ഡി’യെ അവതരിപ്പിച്ച് ശരത്‌കുമാര്‍ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. രജനീകാന്ത് നായകനാകുന്ന ‘കോച്ചടയാന്‍’ എന്ന സിനിമയിലും ശരത്‌കുമാര്‍ അഭിനയിക്കുന്നുണ്ട്.

മാച്ചോ ഹീറോയും മലയാളിയുമായ ആര്യയ്ക്കും നല്ല സിനിമയാണെങ്കില്‍ നിബന്ധനകളൊന്നും ഇല്ല. തമിഴില്‍ ഒട്ടേറെ അവസരങ്ങള്‍ ഉള്ളപ്പൊഴാണ് ഉറുമി എന്ന മലയാള സിനിമയില്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ ആര്യ സമ്മതിച്ചത്. ലിംഗുസ്വാമി സംവിധാനം ചെയ്ത ‘വേട്ടൈ’ എന്ന സിനിമയില്‍ മാധവനോടൊപ്പം നായക റോള്‍ പങ്കിട്ടും ആര്യ ശ്രദ്ധേയനായി. ഇപ്പോഴിതാ, അജിത്തിനൊപ്പം തുല്യ പ്രാധാന്യമുള്ള റോളില്‍ അഭിനയിക്കാന്‍ ആര്യ ഒരുങ്ങുകയാണ്. ഈ സിനിമയില്‍ അജിത്തിന്റെ നായിക നയന്‍‌താരയാണ്. ആര്യയുടേത് തപ്സിയും.