വലിയും കുടിയും, സ്പിരിറ്റ് കുഴപ്പത്തിലാകുമോ?

Webdunia
ചൊവ്വ, 8 മെയ് 2012 (18:59 IST)
PRO
കഥാപാത്രങ്ങള്‍ മദ്യപിക്കുന്നതും പുക വലിക്കുന്നതുമായ രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുകയാണ് സിനിമാക്കാര്‍. പൊതുസ്ഥലത്തുള്ള പുകവലി നിരോധിച്ച സര്‍ക്കാര്‍ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ വരുന്നതും വിലക്കിയിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അത്തരം രംഗങ്ങളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പായി ‘പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിക്കാണിക്കണമെന്ന് ഉത്തരവുണ്ടായി.

ഇപ്പോള്‍ സിനിമകളില്‍ പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ആയ രംഗമുണ്ടെങ്കില്‍ അത്തരം മുന്നറിയിപ്പുകള്‍ ഷോട്ടിന് താഴെ പ്രദര്‍ശിപ്പിക്കാറുണ്ട്. സിനിമകളില്‍ മാത്രമല്ല, പോസ്റ്ററുകളില്‍ പോലും അത്തരം രംഗങ്ങള്‍ ഉപയോഗിക്കുന്നത് കുഴപ്പമാണ്. ‘തുപ്പാക്കി’ എന്ന തമിഴ് ചിത്രത്തിന്‍റെ പോസ്റ്ററില്‍ വിജയ് പുകവലിച്ചു നില്‍ക്കുന്ന ദൃശ്യം ഇപ്പോള്‍ കോടതി കയറുകയാണ്.

എന്നാല്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ ഇത്തരത്തില്‍ പുലിവാല് പിടിക്കുമോ എന്നാണ് മലയാള സിനിമാലോകത്ത് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ സെന്‍സര്‍ കുരുക്കില്‍ പെടാന്‍ സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അമിതമദ്യപാനിയും പുകവലിക്കാരനുമായ രഘുനന്ദന്‍ എന്ന നോവലിസ്റ്റിന്‍റെ ജീവിതമാണ് രഞ്ജിത് ഈ സിനിമയിലൂടെ പറയുന്നത്.

ഇത്തരം ഒരു വ്യക്തി കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ മദ്യപാനവും പുകവലിയും ചിത്രീകരിക്കേണ്ടത് ആവശ്യമാണല്ലോ. പക്ഷേ, അത് നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാനും പ്രേക്ഷകരുടെ മുമ്പിലെത്തിക്കാനും അണിയറപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടുമെന്നുമാത്രം. സ്പിരിറ്റ് സെന്‍സര്‍ കുരുക്കുകളിലും നിയമപ്രശ്നങ്ങളിലും പെടാതിരുന്നാല്‍ ഒരു നല്ല സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

വാല്‍ക്കഷണം: സിനിമയിലെ പുകവലിയും മദ്യപാനവും വലിയ പ്രശ്നമല്ലാതിരുന്ന കാലത്താണ് ദിലീപ് നായകനായ ‘കഥാവശേഷന്‍’ എന്ന സിനിമയിറങ്ങിയത്. ആ ചിത്രത്തിലാണെങ്കില്‍ ദിലീപ് പുകവലിക്കാത്ത ഷോട്ടുകള്‍ വളരെ കുറവും. ഇന്നാണ് ആ സിനിമ ഇറങ്ങുന്നതെങ്കില്‍ എല്ലാ ഷോട്ടിനും താഴെ മുന്നറിയിപ്പ് എഴുതിവയ്ക്കേണ്ട ഗതികേടുണ്ടാകുമായിരുന്നു എന്നല്ലാതെ എന്തുപറയാന്‍.