രണ്‍ജിയുടെ മമ്മൂട്ടിച്ചിത്രം ക്രിസ്മസിന്

Webdunia
ചൊവ്വ, 12 ജനുവരി 2010 (18:26 IST)
PRO
രൌദ്രത്തിന് ശേഷം രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ‘കടുവാക്കുന്നില്‍ കുറുവച്ചന്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു കുടിയേറ്റക്കാരന്‍ നസ്രാണിയുടെ കഥയാണ് ഇത്തവണ രണ്‍ജി അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരാണ് കടുവാക്കുന്നില്‍ കുറുവച്ചന്‍!

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ലേലം പോലെ ഒരു ചിത്രമാണ് രണ്‍ജിയുടെ ലക്‍ഷ്യമെന്നാണ് സൂചന. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഒരു കുടുംബ ചിത്രം.

രണ്‍ജിയുടെ മറ്റ് ചിത്രങ്ങളെപ്പോലെ തീപ്പൊരി ഡയലോഗുകളാലും സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാലും സമൃദ്ധമായിരിക്കും ഈ സിനിമയും.

അതേസമയം, ‘പത്രം’ എന്ന തന്‍റെ പഴയ മെഗാഹിറ്റിന് രണ്ടാം ഭാഗമൊരുക്കാനും രണ്‍ജി പണിക്കര്‍ ആലോചിക്കുന്നുണ്ട്. ആനുകാലിക സംഭവവികാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും.