'യെന്നൈ അറിന്താല്‍' - അജിത് പൊലീസ് തന്നെ!

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (15:21 IST)
അജിത് നായകനാകുന്ന 'യെന്നൈ അറിന്താല്‍' എന്ന സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ അജിത് ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത് എന്ന് ഉറപ്പായി. നടന്‍ വിവേകാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. വിവേക് ഈ സിനിമയില്‍ അജിത്തിന്‍റെ സഹായിയായ പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു.
 
ഒരു കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് അജിത് അഭിനയിക്കുന്നതെന്നാണ് സൂചന. സത്യ എന്നാണ് അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് ചിത്രത്തിലെ നായികമാര്‍.
 
ഇനി 15 ദിവസത്തെ ചിത്രീകരണം കൂടിയാണ് ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാക്കിയുള്ളത്. നവംബര്‍ 27നോ ഡിസംബര്‍ നാലിനോ യെന്നൈ അറിന്താലിന്‍റെ ടീസര്‍ പുറത്തുവരും.
 
ഹാരിസ് ജയരാജ് സംഗീതം നിര്‍വഹിച്ച അഞ്ച് ഗാനങ്ങളും ഒരു ബിറ്റ് നമ്പറുമാണ് ഈ സിനിമയിലുള്ളത്. ഒരിടവേളയ്ക്ക് ശേഷം ഗൌതം മേനോനും ഹാരിസ് ജയരാജും ഒന്നിക്കുന്ന സിനിമ കൂടിയാണ് യെന്നൈ അറിന്താല്‍.
 
പൊങ്കല്‍ റിലീസായി ഈ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. അജിത്തിന് യെന്നൈ അറിന്താലില്‍ മൂന്ന് ലുക്കുകള്‍ ആണുള്ളത്.