മോഹന്‍ലാല്‍ ദൈവമല്ല, കൂതറയുടെ റിലീസ് മാറ്റി!

Webdunia
ബുധന്‍, 11 ജൂണ്‍ 2014 (15:11 IST)
ഓ! മൈ ഗോഡ്, അറൈ നമ്പര്‍ 305ല്‍ കടവുള്‍ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങള്‍ ദൈവം ഭൂമിയിലിറങ്ങി പ്രവര്‍ത്തിക്കുന്നത് പ്രമേയമാക്കിയവയായിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം 'ഏഞ്ചല്‍ ജോണ്‍' അത്തരത്തിലൊന്നായിരുന്നു. വീണ്ടും മോഹന്‍ലാല്‍ ദൈവമായി അഭിനയിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ഉയര്‍ന്ന ചര്‍ച്ച.

'കൂതറ' എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ദൈവമായാണ് അഭിനയിക്കുന്നത് എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഇക്കാര്യം നിഷേധിച്ചു. മോഹന്‍ലാലിന്‍റെ കഥാപാത്രം സസ്പെന്‍സാണെന്നാണ് സംവിധായകന്‍ അറിയിച്ചത്.

ജൂണ്‍ 12ന് കൂതറ റിലീസ് ചെയ്യുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് സിനിമയുടെ റിലീസ് മാറ്റിയിരിക്കുകയാണ്.

ജൂണ്‍ 13 വെള്ളിയാഴ്ച മാത്രമേ ചിത്രം പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ഭരത്, ടോവിനോ തോമസ്, സണ്ണി വെയ്ന്‍ എന്നിവരാണ് കൂതറയിലെ നായകന്‍‌മാര്‍. ജനനി അയ്യര്‍, ഗൌതമി നായര്‍, ഭാവന, ശ്രിദ ശിവദാസ്, മധുരിമ എന്നീ നായികമാരും ചിത്രത്തിലുണ്ട്.