വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ. മോഹന്‍ലാല്‍ അങ്ങനെ തീരുമാനിച്ചിരിക്കുകയാണ്. മികച്ച പ്രമേയവും നല്ല തിരക്കഥയും ഉള്ള പ്രൊജക്ടുകള്‍ മാത്രം ഏറ്റെടുക്കാനാണ് ആലോചന. നല്ല കഥ വന്നാല്‍ മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ട് മാറ്റിവച്ച് അതിന് സമയം നല്‍കാനും ലാല്‍ തീരുമാനിച്ചിരിക്കുന്നു. കഥകള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം നീക്കിവയ്ക്കുന്നു.
മലയാളത്തിന്‍റെ ഒരു മെഗാസ്റ്റാറിന്‍റെ നിലപാട് ഇതാണെങ്കില്‍ മഹാനടനായ മമ്മൂട്ടി മറ്റൊരു നിലപാടിലാണ്. 2016 അവസാനം വരെ മമ്മൂട്ടിക്ക് ഡേറ്റില്ല. 16 സിനിമകളാണ് മമ്മൂട്ടിക്കായി കാത്തുനില്‍ക്കുന്നത്. ഒന്നിനുപിറകെ ഒന്നായി എല്ലാ പ്രൊജക്ടുകളും ചെയ്യാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.
സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുന്നതിലല്ല, വളരെ ശ്രദ്ധയോടെ പരമാവധി സിനിമകള്‍ ചെയ്യുന്നതിലാണ് തനിക്ക് താല്‍പ്പര്യമെന്ന രീതിയിലാണ് മമ്മൂട്ടി ചുവടുവയ്ക്കുന്നത്. സെവന്‍ത് ഡേ എന്ന ഹിറ്റ് ചിത്രം എഴുതിയ അഖില്‍ പോള്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ദീപു കരുണാകരന്‍, ലാല്‍ ജൂനിയര്‍, അഞ്ജലി മേനോന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ബോബന്‍ സാമുവല്‍, അന്‍വര്‍ റഷീദ് എന്നിവര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു.
പഴയ വമ്പന്‍മാര്‍ക്ക് ഡേറ്റ് നല്‍കുന്നതിലും മമ്മൂട്ടി പിശുക്ക് കാണിക്കുന്നില്ല. ജോഷി, കമല്‍, സിദ്ദിക്ക് എന്നിവര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു.
മോഹന്‍ലാലിന്‍റെ തീരുമാനമാണോ മമ്മൂട്ടിയുടെ നീക്കമാണോ ശരിയെന്ന് കാത്തിരുന്ന് കാണാം.