നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരാള്‍. ഭാര്യയും മക്കളുമൊത്ത് ജീവിക്കുന്ന അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളുണ്ടാകുന്നു. ആ കഥയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം’ എന്ന സിനിമയുടെ പ്രമേയം. ദൃശ്യത്തിലെ നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള നാട്ടിന്‍പുറത്തുകാരനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍!
ഇംഗ്ലീഷ് പേരുകളായിരുന്നു ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും - ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ്, മെമ്മറീസ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര് ‘മൈ ഫാമിലി’ എന്നായിരിക്കുമെന്ന് ചിലര്‍ അങ്ങ് ഊഹിച്ചുറപ്പിച്ചു. തന്‍റെ സിനിമയ്ക്ക് ‘മൈ ഫാമിലി’ എന്നല്ല പേരെന്ന് പലതവണ ജീത്തു ജോസഫ് പറഞ്ഞെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്താപ്രചാരകര്‍ ‘മൈ ഫാമിലി’ ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.
“ഒരു നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യന്‍റെ കഥ പറയുന്ന ചിത്രത്തിന് എന്തിനാണ് ഇംഗ്ലീഷ് പേര്? പിന്നെ ‘മ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള സിനിമകളാണ് എന്‍റെ ഭാഗ്യമെന്ന മട്ടില്‍ ചില പ്രചാരണങ്ങളുണ്ടായി. അത് അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ കൂടിയാണ് ദൃശ്യം എന്ന് പേരിട്ടത്” - ജീത്തു ജോസഫ് വെളിപ്പെടുത്തി.
‘ദൃശ്യം’ ഒരു ഫാമിലി ത്രില്ലറാണ്. മോഹന്‍ലാലിന് നായികയായി മീന എത്തും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
ദൃശ്യത്തിന്‍റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ചിത്രീകരണം അടുത്ത മാസം ആദ്യം തൊടുപുഴയില്‍ ആരംഭിക്കും. മോഹന്‍ലാലിന്‍റെ ക്രിസ്മസ് റിലീസാണ് ദൃശ്യം.