മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും

Webdunia
വെള്ളി, 16 ഏപ്രില്‍ 2010 (14:26 IST)
PRO
1991 ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.

നാലു ഭ്രാന്തന്‍‌മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍‌മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
PRO


തിലകനെ ഉള്‍പ്പെടുത്താതെ മൂക്കില്ലാ രാജ്യത്തിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന അഭിപ്രായമാണ് സംവിധായകന്‍ താഹയ്ക്ക് ഉള്ളത്. അതുകൊണ്ടു തന്നെ എല്ലാവരും ചര്‍ച്ച ചെയ്ത് തിലകന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന അഭിപ്രായം ‘അമ്മ’യിലെ മിക്ക അംഗങ്ങള്‍ക്കും ഉണ്ട്. ഫെഫ്ക ഭാരവാഹികളുമായി അമ്മയിലെ ഉന്നതര്‍ തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

ബി ജയചന്ദ്രനാണ് മൂക്കില്ലാ രാജ്യത്ത് - 2ന്‍റെ രചന നിര്‍വഹിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. നായികമാരെ തീരുമാനിച്ചിട്ടില്ല.