മമ്മൂട്ടിയുടെ നായികയല്ല നിവിന്‍ പോളിയുടെ നായിക!

ചൊവ്വ, 19 ഏപ്രില്‍ 2016 (20:11 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കസബ’യില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ ഹ്യൂമറിന് പ്രാധാന്യമുള്ള ഒരു പൊലീസ് സ്റ്റോറിയാണ്.
 
നിവിന്‍ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ നായികയായി വരലക്ഷ്മി ശരത്കുമാര്‍ എത്തുമെന്ന് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ‘മമ്മൂട്ടിയുടെ നായിക ഇനി നിവിന്‍റെയും നായിക’ എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ സത്യമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.
 
ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു പുതുമുഖം നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. കന്നഡയിലെ സൂപ്പര്‍ ഹിറ്റ് സിനിമ ഉലിദവരു കണ്ടന്തൈ ആണ് തമിഴിലേക്ക് നിവിന്‍ പോളിയെ നായകനാക്കി റീമേക്ക് ചെയ്യുന്നത്. 
 
40 തവണയാണ് ഈ സിനിമയുടെ തിരക്കഥ മാറ്റിയെഴുതിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥാരചനാ ഘട്ടത്തില്‍ നിവിന്‍റെ സഹകരണം പൂര്‍ണമായും ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക