മണിച്ചിത്രത്താഴിലെ ഡോ. സണ്ണി വീണ്ടും വരുന്നു എന്നത് ഇപ്പോള്‍ സിനിമാലോകത്തെ ഏറ്റവും ചൂടേറിയ വാര്‍ത്തയാണ്. ഫാസിലല്ല, പ്രിയദര്‍ശനാണ് ഇത്തവണ സംവിധായകന് എന്നതാണ് പുതിയ ചിത്രത്തിന്റെ സവിശേഷത. അതിലുപരിയായി മണിച്ചിത്രത്താഴ് രചിച്ച മധുമുട്ടം പുതിയ പ്രൊജക്ടിന്റെ പരിസരത്തെങ്ങുമില്ല.
ഡോ. സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ കേന്ദ്രമാക്കി പ്രിയദര്ശന് ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഒരുകാലത്ത് മെഗാഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാരന് ഡെന്നിസ് ജോസഫാണ്. ‘ചെപ്പ്’ എന്ന ചിത്രത്തിന് ശേഷം പ്രിയന് വേണ്ടി ഡെന്നിസ് തൂലികയെടുക്കുകയാണ്.
പുതിയ ചിത്രത്തില്‍ ‘നാഗവല്ലി’ ഉണ്ടാവില്ല എന്ന് പ്രിയദര്ശന് അറിയിച്ചിട്ടുണ്ട്. അപ്പോള്‍ ശോഭനയുടെ ഗസ്റ്റ് അപ്പിയറന്‍സ് കാണിച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാമെന്ന വിലകുറഞ്ഞ ആശയം ഇല്ലെന്ന് സമാധാനിക്കാം. മണിച്ചിത്രത്താഴില്‍ നിന്ന് മോഹന്‍ലാലിനെ കൂടാതെ മറ്റൊരു താരം മാത്രമേ പുതിയ സിനിമയില്‍ ഉണ്ടാകൂ. അത് മറ്റാരുമല്ല, സാക്ഷാല്‍ ഇന്നസെന്റാണ്.
ഇന്നസെന്റിന്റെ ഉണ്ണിത്താന് എന്ന കഥാപാത്രം പുതിയ ചിത്രത്തിലും നര്‍മ്മം വിതറും. അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ ഇന്നസെന്റ് ഈ സിനിമയിലൂടെയായിരിക്കും മടങ്ങിവരവ് ആഘോഷിക്കുക. ജൂണ്‍ മാസത്തിലാണ് മോഹന്‍ലാല്‍ - പ്രിയദര്ശന് - ഡെന്നിസ് ജോസഫ് ടീമിന്റെ ഈ സൈക്കോ ത്രില്ലര്‍ ചിത്രീകരണം ആരംഭിക്കുന്നത്.