ബാര്‍ബര്‍ ബാലന്‍ ഹിന്ദി സംസാരിക്കാനൊരുങ്ങുകയാണ്. ഈ മാസം 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിരിയുടെയും ചിന്തയുടെയും കണ്ണീര്‍ നനവുള്ള ക്ലൈമാക്സിന്‍റെയും അകമ്പടിയോടെ 'ബില്ലു ബാര്‍ബര്‍' റിലീസാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം ഷാരൂഖിന്‍റെ സാന്നിധ്യവും തമാശയും ഗൌരവും കലര്‍ന്ന പ്രമേയവും ആയിരിക്കും.
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ 'കഥ പറയുമ്പോള്‍' എന്ന സിനിമയാണ് ഹിന്ദിയില്‍ ബില്ലു ബാര്‍ബറാകുന്നത്. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇര്‍ഫാന്‍ ഖാനും മമ്മൂട്ടി അവതരിപ്പിച്ച വേഷം ഷാരുഖ് ഖാനുമാണ് അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്മെന്റിന്റെ ബനറില്‍ ഷാരുഖ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബില്ലുവും സാഹിര്‍ ഖാനും ബാല്യകാല സുഹൃത്തുക്കളാണ്. സാഹിറിനെ ഒരുപാട് സഹായിച്ചിട്ടുള്ളയാളാണ് ബില്ലു. പക്ഷേ, വിധിയുടെ കളിയില്‍ അവര്‍ രണ്ടു ധ്രുവങ്ങളിലേക്ക് പിരിഞ്ഞു പോകുന്നു. ബില്ലു ഒരു ബാര്‍ബറായി മാറി. സാഹിറാകട്ടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരവുമായി മാറുന്നു.
കഷ്ടതകള്‍ക്ക് നടുവിലാണ് ബില്ലുവിന്റെ ജീവിതം. ഓരോ ദിവസവും കഴിഞ്ഞുകൂടാന്‍ അയാള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് അയാളുടെ ഗ്രാമത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. ആ സിനിമയിലെ നായകനോ, സാഹിര്‍ ഖാന്‍! തുടര്‍ന്നുണ്ടാകുന്ന ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബില്ലു ബാര്‍ബറിന്റെ കഥ വികസിക്കുന്നത്.
ഷാരുഖ് ഖാന്‍ ഈ ചിത്രത്തില്‍ അതിഥിവേഷത്തിലാണെത്തുന്നത്. മലയാള ചിത്രത്തില്‍ നിന്നും അധികം മാറ്റങ്ങളൊന്നും വരുത്താതെയാണ് പ്രിയന്‍ ബില്ലു ബാര്‍ബര്‍ ഒരുക്കുന്നത്. ലാറാ ദത്തയാണ് ചിത്രത്തിലെ നായിക. മലയാള നടന്‍ ജഗദീഷും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജ്‌പാല്‍ യാദവ്, ജൂഹി ചൗള, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, ഓം പുരി, അസ്രാണി തുടങ്ങിയവരും അഭിനയിക്കുന്നു.
മണീകണ്ഠനാണ് ചിത്രത്തിന്റെ ക്യാമറ. പ്രീതത്തിന്റെ സംഗീതസംവിധാനത്തില്‍ എട്ടോളം ഗാനങ്ങളാണ് ബില്ലു ബാര്‍ബറിലുള്ളത്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണം ചെയ്യുന്നത്.