പൃഥ്വിരാജിന് നായിക റാണി മുഖര്‍ജി

Webdunia
വ്യാഴം, 27 ജനുവരി 2011 (21:09 IST)
IFM
ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന് ബോളിവുഡിലെ സ്വപ്നസുന്ദരി റാണി മുഖര്‍ജി നായികയാകുന്നു. പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രത്തിലാണ് നായികയായി റാണി എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഗന്ധ, റെസ്റ്റോറന്‍റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് തിരക്കഥയെഴുതുന്നു.

“ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്‍റെ പുറത്തല്ല ഞാന്‍ ഈ ചിത്രം ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്‍ ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്‍ തിരക്കഥ വായിച്ച ശേഷം ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്‍റെ തിരക്കഥയും എന്നെ ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യാനൊരുങ്ങുന്നത്. റാണി മുഖര്‍ജിയാണ് എന്‍റെ നായിക” - പൃഥ്വിരാജ് വ്യക്തമാക്കുന്നു.

ഈ വര്‍ഷം തന്നെ ഹിന്ദി ചിത്രം റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന സൂചനയും പൃഥ്വി നല്‍കി.

“എന്നെ വ്യക്തിപരമായി ഏറെ ആകര്‍ഷിച്ച ആടുജീവിതം എന്ന നോവലിന്‍റെ സിനിമാവിഷ്കാരം ഈ വര്‍ഷമുണ്ടാകും. ബ്ലെസിയാണ് സംവിധായകന്‍” - പൃഥ്വി പറഞ്ഞു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘അര്‍ജുനന്‍ സാക്ഷി’യാണ് പൃഥ്വിയുടെ പുതിയ റിലീസ്.