നായകളെ പരിശീലിപ്പിക്കാന്‍ ദിലീപ്, ‘റിംഗ് മാസ്റ്റര്‍’ ചിത്രീകരണം തുടങ്ങുന്നു!

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (20:55 IST)
PRO
സിദ്ദിക്ക് ലാലിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിജയകൂട്ടുകെട്ടായിരുന്ന റാഫി - മെക്കാര്‍ട്ടിന്‍ പിരിയുന്നു. റാഫി സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. റാഫി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ‘റിംഗ് മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന് പേര്. നായകളുടെ പരിശീലകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2014ലെ ആദ്യ ദിലീപ് ചിത്രമായിരിക്കും റിംഗ് മാസ്റ്റര്‍.

വൈശാഖ സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അവസാനമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരിക്കും ഇത്.

‘ചൈനാ ടൌണ്‍’ എന്ന സിനിമയ്ക്ക് ശേഷം ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് റാഫിയും മെക്കാര്‍ട്ടിനും പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ വന്‍ താരനിരയുണ്ടായിരുന്നിട്ടും ചൈനാ ടൌണ്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

പുതുക്കോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍മാന്‍, പഞ്ചാബിഹൌസ്, സത്യം ശിവം സുന്ദരം, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട. ഹലോ, ലവ് ഇന്‍ സിംഗപ്പോര്‍, ചൈനാ ടൌണ്‍ എന്നിവയാണ് റാഫി - മെക്കാര്‍ട്ടിന്‍ ടീം സംവിധാനം ചെയ്ത ചിത്രങ്ങള്‍.

വലിയ ഹിറ്റുകളായ എല്ലാരും ചൊല്ലണ്, മിസ്റ്റര്‍ ആന്‍റ് മിസിസ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, ദില്ലിവാല രാജകുമാരന്‍, ദി കാര്‍, വണ്‍‌മാന്‍ ഷോ, പുലിവാല്‍ കല്യാണം, തിളക്കം, റോമിയോ, മായാവി തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചതും റാഫി - മെക്കാര്‍ട്ടിനാണ്.