നായകന്‍ അമിതാഭ് ബച്ചന്‍, സംവിധാനം പ്രതാപ് പോത്തന്‍!

ചൊവ്വ, 24 ഫെബ്രുവരി 2015 (16:12 IST)
പ്രതാപ് പോത്തന്‍ വീണ്ടും സംവിധാനരംഗത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണ മലയാളവും തമിഴുമൊന്നുമല്ല, ഹിന്ദിച്ചിത്രം സംവിധാനം ചെയ്യാനാണ് പ്രതാപ് പോത്തന്‍ ഒരുങ്ങുന്നത്. നായകനോ? സാക്ഷാല്‍ അമിതാഭ് ബച്ചന്‍!
 
പ്രതാപ് പോത്തന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'വണ്‍‌സ് അപോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനാണ് ആലോചിക്കുന്നത്. മലയാളത്തില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ഹിന്ദിയില്‍ ബിഗ്ബി അവതരിപ്പിക്കും. 
 
ഫാസില്‍ മുഹമ്മദിന്‍റെ 'വണ്‍‌സ് അപോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' ഒരു കോമഡി എന്‍റര്‍ടെയ്നറാണ്. ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി നായികയായ ചിത്രത്തില്‍ ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലവൂര്‍ രവികുമാറാണ് തിരക്കഥയെഴുതിയത്.
 
മീണ്ടും ഒരു കാതല്‍ കതൈ, ഋതുഭേദം, ജീവ, ഡെയ്സി, വെട്രിവിഴ, മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍, ചൈതന്യ, മുഗുദം, ആത്മ, ശിവലപ്പേരി പാണ്ടി, ലക്കിമാന്‍, ഒരു യാത്രാമൊഴി എന്നിവയാണ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക