നയന്‍‌താര കൊലപാതകി? ‘പുതിയ നിയമം’ സീരിയല്‍ കില്ലിംഗിന്‍റെ കഥ? രഹസ്യങ്ങളുടെ നിലവറകള്‍ തീര്‍ത്ത് മമ്മൂട്ടിച്ചിത്രം!

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (18:26 IST)
മമ്മൂട്ടിയുടെ പുതിയ സിനിമയായ ‘പുതിയ നിയമം’ സീരിയല്‍ കില്ലിംഗിന്‍റെ കഥയാണ് പറയുന്നതെന്ന് സൂചന. നയന്‍‌താര അവതരിപ്പിക്കുന്ന വാസുകി അയ്യര്‍ എന്ന കഥാപാത്രമാണ് കൊലപാതകിയെന്നും സൂചന. ബുധനാഴ്ച പുറത്തുവന്ന ‘പുതിയ നിയമം’ ട്രെയിലര്‍ സൂചിപ്പിക്കുന്നത് അസാധാരണമായ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രമെന്നാണ്.
 
അഡ്വ. ലൂയിസ് പോത്തന്‍ നരിമാടന്‍ എന്ന അഭിഭാഷകനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ലൂയിസ് പോത്തനും വാസുകി അയ്യരും മിശ്രവിവാഹിതരാണ്. ഇവര്‍ക്ക് ചിന്ത എന്ന മകള്‍.
 
ലൂയിസ് പോലും അറിയാത്ത ചില രഹസ്യങ്ങള്‍ വാസുകിയ്ക്ക് ഉണ്ടാകുന്നതോടെയാണ് കഥ അതിന്‍റെ സംഘര്‍ഷാത്മകതലത്തിലേക്ക് കടക്കുന്നത്. ‘അച്ഛാ.. നമ്മുടെ അമ്മയ്ക്ക് വല്ല ലൈനുമുണ്ടോ?’ എന്ന് മകള്‍ പോലും സംശയിക്കത്തക്ക രീതിയില്‍ വാസുകിയുടെ പെരുമാറ്റം മാറുന്നു. 
 
പുതിയ നിയമത്തിന്‍റെ ഗംഭീര ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെയും നയന്‍‌സിന്‍റെയും അഭിനയപ്രകടനം തന്നെയായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
നയന്‍‌താരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും പുതിയ നിയമത്തിലെ വാസുകി അയ്യര്‍. എസ് എന്‍ സ്വാമി, ആര്യ, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഭാര്യാ-ഭര്‍തൃബന്ധത്തിലെ പാളിച്ചകളും ഇഴയടുപ്പവും ചര്‍ച്ച ചെയ്യുന്ന സിനിമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ട്രെയിലര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം തടസങ്ങളെല്ലാം മാറി ട്രെയിലര്‍ പുറത്തുവിടുകയായിരുന്നു.
 
വെള്ളിയാഴ്ചയാണ് പുതിയ നിയമം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.