ദിലീപ് ന്യൂസിലാന്‍ഡില്‍; ഒരു ചിരിത്രില്ലര്‍!

Webdunia
ചൊവ്വ, 12 മെയ് 2015 (19:21 IST)
ദിലീപ് ഉടന്‍ ന്യൂസിലാന്‍ഡിലെത്തും. ഷൂട്ടിംഗിനായാണ് ദിലീപിന്‍റെ ന്യൂസിലാന്‍ഡ് യാത്ര. അതൊരു പതിവ് ദിലീപ് ചിത്രമല്ല. മലയാളികള്‍ ഒരുപക്ഷേ, ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ.
 
‘ദൃശ്യം’ എന്ന മെഗാഹിറ്റിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിനായാണ് ദിലീപ് ന്യൂസിലാന്‍ഡിലെത്തുന്നത്. ചിത്രീകരണം മേയ് 16ന് ആരംഭിക്കും. ജീത്തു ജോസഫ് ന്യൂസിലാന്‍ഡില്‍ എത്തിക്കഴിഞ്ഞു.
 
മൈ ബോസ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ദിലീപും ജീത്തുവും ഒന്നിക്കുന്ന സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി. ഗ്രാമീണനും നിഷ്കളങ്കനുമായ ജോസൂട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ഈ സിനിമ വിഷയമാക്കുന്നത്. ഏറെ തമാശകളുള്ള ഒരു ത്രില്ലറാണ് ഈ സിനിമ. രചന നാരായണന്‍‌കുട്ടി, ജ്യോതിലക്ഷ്മി എന്നിവരാണ് നായികമാര്‍.
 
ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ പാപനാശം പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. ജീത്തു തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കമല്‍ഹാസനാണ് നായകന്‍. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍.