ദിലീപ് കാനഡയിലേക്ക് പറക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഭൂരിഭാഗവും ഷൂട്ട് ചെയ്യുന്നത് കാനഡയിലാണ്. രജപുത്ര രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്തയും നമിതയുമാണ് നായികമാര്‍. ചിത്രത്തിന് പേര് ‘കനേഡിയന്‍ താറാവ്’ എന്നാണ്.
പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണിത്. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ഷാഫി - ദിലീപ് ചിത്രങ്ങള്‍ പോലെ പ്രേക്ഷകരെ ചിരിപ്പിച്ച് വശംകെടുത്തുന്നൊരു ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. റാഫി മെക്കാര്‍ട്ടിനിലെ റാഫിയാണ് കനേഡിയന്‍ താറാവിന്‍റെ രചന നിര്‍വഹിക്കുന്നത്.
കാനഡയില്‍ താമസമാക്കിയ മലയാളി യുവതിയുടെ വേഷത്തിലാണ് മംമ്ത അഭിനയിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന ദിലീപിനോട് മംമ്ത വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. കാനഡയിലെ ആഡംബരജീവിതം സ്വപ്നം കണ്ട് ദിലീപിന്‍റെ കഥാപാത്രം മംമ്തയെ വിവാഹം കഴിക്കുന്നു. തുടര്‍ന്ന് ഇവര്‍ കാനഡയിലേക്ക് പോകുന്നു. അവിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ‘കനേഡിയന്‍ താറാവ്’.
സുരാജ് വെഞ്ഞാറമൂട്, മകരന്ത് ദേശ്‌പാണ്ഡെ, മുകേഷ്, അജു വര്‍ഗീസ്, ലെന, വിനയപ്രസാദ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന കനേഡിയന്‍ താറാവിന്‍റെ ഛായാഗ്രഹണം രവി കെ ചന്ദ്രന്‍റെ മകന്‍ സന്താനകൃഷ്ണനാണ്. സംഗീതം ഗോപീ സുന്ദര്‍.