‘ആഗസ്റ്റ് 15’ എന്നത് പരീക്ഷണം നടത്താന്‍ ഷാജി കൈലാസിന് ലഭിച്ച അവസാനത്തെ അവസരമാണ്. ഇനിയും ഷാജി കൈലാസ് ഫോം വീണ്ടെടുത്തില്ലെങ്കില്‍ ജനങ്ങള്‍ ഷാജിയുടെ സിനിമകളെ ബഹിഷ്കരിക്കുമെന്ന് തീര്‍ച്ച. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രതിഭാധനനായ ഈ സംവിധായകന്‍ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. തട്ടിക്കൂട്ടിയുള്ള സിനിമകള്‍ താന്‍ നിര്‍ത്തിയെന്നാണ് ഷാജി അറിയിച്ചിരിക്കുന്നത്.
“ഇനി തട്ടിക്കൂട്ട് സിനിമകളും പരീക്ഷണ ചിത്രങ്ങളും ചെയ്യാന്‍ ഞാനില്ല. ഒരു പൊലീസ് കമ്മീഷണറെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ത്രെഡ് മനസില്‍ ഉണ്ട്. സുരേഷ്ഗോപിയെ നായകനാക്കിയുള്ള ഈ പൊലീസ് സിനിമയുടെ തിരക്കഥ ഞാന്‍ തന്നെ എഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ്.” - ഷാജി കൈലാസ് പറയുന്നു.
പൊലീസ് കമ്മീഷണര്‍ എന്നായിരിക്കും ആ സിനിമയുടെ പേരെന്നാണ് സൂചനകള്‍. എന്തായാലും ആഗസ്റ്റ് 15ന്‍റെ പരാജയം ഷാജി കൈലാസിനെ കരുതലോടെ അടുത്ത ചുവടു വയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നു.
‘കടമൈ കന്നിയം കട്ടുപ്പാട്’ എന്ന തമിഴ് ചിത്രമാണ് ഷാജി ഉടന്‍ സംവിധാനം ചെയ്യുന്നത്. സിന്ധുരാജിന്‍റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ, പൃഥ്വി തന്നെ നായകനാകുന്ന നാടുവാഴികള്‍ റീമേക്ക് എന്നിവയും ഈ വര്‍ഷം ഷാജിക്ക് കരാറായിട്ടുള്ള സിനിമകളാണ്.
എന്നാല്‍ ഷാജി കൈലാസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ട് ഇതൊന്നുമല്ല. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘കിംഗ് - 2’ ആണ് ഈ വര്‍ഷം ഷാജിയുടെ ബിഗ് സിനിമ. ‘കിംഗ് ആന്‍റ് ദ കമ്മീഷണര്‍’ എന്ന സിനിമയ്ക്ക് പകരമാണ് ഷാജി കിംഗ് രണ്ടാം ഭാഗം ചെയ്യുന്നത്. കിംഗ് ആന്‍റ് ദ കമ്മീഷണര്‍ വീണ്ടും ആരംഭിക്കും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.