പാലക്കുന്നിലെ ജോസൂട്ടി ഓട്ടോ ഡ്രൈവറാണ്. പേരുകേട്ട തറവാട്ടിലെ ആണ്‍തരിയാണെങ്കിലും ജോസൂട്ടിക്ക് ഓട്ടോ ഡ്രൈവറുടെ വേഷമണിയേണ്ട സാഹചര്യം വന്നു. സാഹചര്യങ്ങളോട് തോല്‍ക്കാതിരിക്കാന്‍ ജോസൂട്ടി സന്തോഷ പൂര്‍വ്വം ഈ കുപ്പായം എടുത്തണിയുകയായിരുന്നു.
ചെസ്സിന്‍റെ സംവിധായകന്‍ രാജ്‌ബാബുവിന്‍റെ മൂന്നാം സംരംഭമാണ് കങ്കാരു. കോമഡി ചിത്രമായ കങ്കാരുവില്‍ നായകനായ പ്രിഥ്വിരാജിന് ഓട്ടോ ഡ്രൈവറുടെ വേഷമാണ്. ചോക്കളേറ്റിന്‍റെ വിജയത്തിനു ശേഷം പ്രിഥ്വി നായകനാവുന്ന കങ്കാരുവും നിലവാരമുള്ള തമാശ ചിത്രമായിരിക്കുമെന്നാണ് സൂചന.
WD
പാലക്കുന്നില്‍ തറവാട്ടിലെ ഇപ്പോഴത്തെ നില അത്ര മെച്ചമല്ല. അമ്മ, വിവാഹം കഴിക്കാനുള്ള സഹോദരി, മനോ നില തകരാറിലായ സഹോദരന്‍ ഇവരെല്ലാം ജോസൂട്ടിയുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. സഹോദരി സൂസന്നയെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെങ്കില്‍ നല്ലൊരു തുക വേണം.
മൂത്ത സഹോദരിയുടെ ഭര്‍ത്താവാണെങ്കില്‍ ദിവസവും വീട്ടില്‍ കലാപം സൃഷ്ടിക്കുകയും ചെയ്യുന്നു. അയാള്‍ കുടുംബത്ത് ചെലവഴിച്ചതെല്ലാം തിരികെ വേണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ ഓട്ടോയുമായി റോഡിലിറങ്ങുകയല്ലാതെ മറ്റൊരു വഴിയും ജോസൂട്ടിക്ക് മുന്നിലുണ്ടായിരുന്നില്ല.
WD
ഈ അവസരത്തില്‍ ജോസൂട്ടിക്ക് ഒരു കുരുന്നിന്‍റെ ഉത്തരവാദിത്തം കൂടി കൈയ്യേല്‍ക്കേണ്ടി വരുന്നു. അവന്‍ പതുക്കെ ഒരുവയസുള്ള ആ കുട്ടിയുടെ അച്ഛനും അമ്മയുമൊക്കെയായി മാറുന്നു. കുട്ടിയെ ഓട്ടോയിലും കൈയ്യിലുമായി താഴെ നിര്‍ത്താതെ സംരക്ഷിക്കുകയാണ് ജോസൂട്ടി-ഒരു കങ്കാരുവിനെ പോലെ!
കങ്കാരുവില്‍ കാവ്യാമാധവന്‍ നാന്‍സി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂസന്നയായി കങ്കാരുവിലൂടെ നടി കാവേരി ഒരു തിരിച്ചുവരവ് നടത്തുകയാണ്. മോനിച്ചന്‍ എന്ന കഥാപാത്രമായി ജയസൂര്യയും അഭിനയിക്കുന്നു.
WD
ജഗതി, ഹരിശ്രീ അശോകന്‍, ലാലു അലക്സ്, സലിംകുമാര്‍, ബിന്ദു പണിക്കര്‍, കെപിഎസി ലളിത എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.
ഇസബെല്ല മൂവി ടോണിന്‍റെ ബാനറില്‍ സിസിലി ബൈജുവാണ് കങ്കാരു നിര്‍മ്മിക്കുന്നത്. ജെ പല്ലശേരിയുടേതാണ് തിരക്കഥ. സജി റാം എന്ന നവാഗതനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.