ഗുരുദത്താകാന്‍ അമീര്‍

Webdunia
ശനി, 4 ഏപ്രില്‍ 2009 (18:05 IST)
PTIPTI
ബോളിവുഡ് ഏറ്റവും അധികം ആരാധിക്കുന്ന ചലച്ചിത്രകാരനാണ് ഗുരുദത്ത്. ഗുരുദത്തിന് ഒരു ഗുരുദക്ഷിണ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സാക്ഷാല്‍ അമീര്‍ഖാന്‍. ഗുരുദത്തിനെ സ്ക്രീനില്‍ അവതരിപ്പിക്കാനാണ് അമീര്‍ ഒരുങ്ങുന്നത്.

ഗജിനിയിലെ ‘ഷോര്‍ട്ട് ടേം മെമ്മറി ലോസ്’ എന്ന രോഗമുള്ള കഥാപാത്രമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച അമീര്‍ നടത്തുന്ന മറ്റൊരു പരീക്ഷണമാണ് ഗുരുദത്ത്. തന്‍റെ ചിത്രങ്ങള്‍ക്ക് എന്തെങ്കിലും ഒരു പുതുമയുണ്ടാകണമെന്നും ഏറ്റവും ഭംഗിയായി അത് അവതരിപ്പിക്കണമെന്നും അമീറിന് നിര്‍ബന്ധമുണ്ട്. ബോളിവുഡിലെ ഈ പെര്‍ഫെക്ഷനിസ്റ്റിനെ മഹാവിജയങ്ങള്‍ തുടര്‍ച്ചയായി അനുഗ്രഹിക്കുന്നതിന് കാരണവും പരീക്ഷണങ്ങളോടുള്ള അടങ്ങാത്ത ഭ്രമമാണ്.

രംഗ് ദേ ബസന്തിക്ക് ശേഷം അമീര്‍ഖാനെ നായകനാക്കി രാകേഷ് ഓം‌പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുദത്ത്. നസ്രീന്‍ മുന്നി കബീറാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഗുരുദത്തിനെക്കുറിച്ച് നസ്രീന്‍ എഴുതിയ ‘ഗുരുദത്ത്: എ ലൈഫ് ഇന്‍ സിനിമ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ത്രീ ഇഡിയറ്റ്സ്, കിരണ്‍ റാവുവിന്‍റെ ഗോബി ഘട്‌സ്, നിര്‍മ്മാണ സംരംഭമായ ഡല്‍ഹി ബെല്ലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അമീര്‍ഖാന്‍ ഗുരുദത്തായി അഭിനയിച്ചു തുടങ്ങുക.

കാഗസ് കേ ഫൂല്‍ എന്ന സിനിമയില്‍ ഗുരുദത്ത് തന്‍റെ സ്വന്തം ജീവിതകഥയാണ് അഭ്രപാളിയിലെത്തിച്ചത്.