ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27ന് മുംബൈ അന്ധേരി വെസ്റ്റിലെ ഡോ.നാനാവതി നഴ്സിംഗ് ഹോമില്‍ വൈകുന്നേരം 5.27നായിരുന്നു ശ്വേതാ മേനോന്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. മൂന്ന് ക്യാമറകളിലൂടെയാണ് ബ്ലെസി ആ രംഗം ചിത്രീകരിച്ചത്. സതീഷ് കുറുപ്പായിരുന്നു ക്യാമറാമാന്‍. എന്നാല്‍ പ്രസവം ചിത്രീകരിക്കുന്നതിനിടെ തല കറങ്ങിയാലോ എന്ന് ഭയന്ന് സതീഷ് കുറുപ്പ് മാറിനിന്നു. പകരം പ്രസവമുറിയില്‍ ക്യാമറ കൈകാര്യം ചെയ്തത് ജിബു ജേക്കബ്!
“ഡോക്ടര്‍മാര്‍ കണക്കുകൂട്ടി പറഞ്ഞതിനേക്കാള്‍ 10 ദിവസം മുമ്പായിരുന്നു പ്രസവം. ഒരാഴ്ച മുമ്പുതന്നെ ഞങ്ങളും ആശുപത്രിയില്‍ ശ്വേതയുടെ അടുത്ത മുറിയില്‍ അഡ്മിറ്റായിരുന്നു. ആ സമയത്ത് പ്രസവമുറിയെക്കുറിച്ച് പഠിക്കുകയായിരുന്നു. പ്രസവമുറിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ചലനങ്ങള്‍, അവരുടെ സ്ഥാനങ്ങള്‍. ആ മുറിയിലെ അന്തരീക്ഷം. എല്ലാം കൃത്യമായി സ്കെച്ചുചെയ്തെടുത്തു. അതിനനുസരിച്ച് ക്യാമറകള്‍ വയ്ക്കേണ്ട സ്ഥാനങ്ങള്‍ നിശ്ചയിച്ചു. മൂന്ന് ക്യാമറകളിലൂടെയാണ് പ്രസവവും ശ്വേതയുടെ റിയാക്ഷനുകളും പകര്‍ത്തിയത്. ഏകദേശം 20 മിനിറ്റിലേറെ പ്രസവം ചിത്രീകരിച്ചു. ശ്വേത മകളുടെ നെറ്റിയില്‍ ഉമ്മവയ്ക്കുന്ന രംഗത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്” - മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ബ്ലെസി പറയുന്നു.
“ശ്വേതയുടേത് ഒരു സ്വാഭാവിക പ്രസവമായിരുന്നില്ലെങ്കില്‍ ഈ സിനിമയുടെ സ്വഭാവം തന്നെ മറ്റൊന്നായി മാറിയേനെ. എന്നോടൊപ്പം, എനിക്കു നിഴലായി, ഛായയായി ഈശ്വരന്‍റെ സ്പര്‍ശമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈശ്വരനെ ഞാന്‍ കണ്ടെത്തുന്നത്, തിരിച്ചറിയുന്നത്, ഞാന്‍ ഒരു കലാകാരനാണെന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്” - ഈ അഭിമുഖത്തില്‍ ബ്ലെസി വ്യക്തമാക്കുന്നു.