ക്രിസ്ത്യന്‍ ബ്രദേഴ്സിന് ചെലവ് 15 കോടി

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2011 (13:49 IST)
PRO
ക്രിസ്റ്റി വര്‍ഗീസ്. കോടികള്‍ വിലയുള്ള ഇന്‍റര്‍നാഷണല്‍ ഇന്‍ഫോര്‍മര്‍. അയാള്‍ കേരളത്തിലേക്കെത്തുന്നു. മാര്‍ച്ച് 18ന്. അതേ, ജോഷിയുടെ മറ്റൊരു ‘ട്വന്‍റി20’ റിലീസാവുകയാണ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്’. മോഹന്‍ലാലാണ് ക്രിസ്റ്റി വര്‍ഗീസായി അഭിനയിക്കുന്നത്.

സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് സുരേഷ് ഗോപി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്. കാവ്യാ മാധവന്‍, കനിഹ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവരാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫാമിലി ത്രില്ലറില്‍ എട്ട് സ്റ്റണ്ട് രംഗങ്ങളാണുള്ളത്.

മലയാളത്തിലെ ചെലവേറിയ സിനിമകളുടെ കൂട്ടത്തിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സ്ഥാനം. 15 കോടി രൂപയാണ് ഈ സിനിമയുടെ ചെലവ്. എട്ടുകോടി ചെലവ് പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമ വിവിധ ഷെഡ്യൂളുകളിലായി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 15 കോടിയിലെത്തി. 27 കോടി രൂപ ചെലവഴിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമ. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഉറുമിയുടെ ചെലവ് 20 കോടിയാണത്രെ.

മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. എ വി അനൂപും വര്‍ണചിത്ര ബിഗ്സ്ക്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മൂന്ന് ഗാനങ്ങളാണുള്ളത്. വൈക്കം, കൊച്ചി, പൊള്ളാച്ചി, കൊടൈക്കനാല്‍, മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ലോക വ്യാപകമായി 350 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ റിലീസുണ്ടാകും. ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറിന്‍, ദുബായ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 18ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും.