കുറ്റവാളികള്‍ക്ക് പേടിസ്വപ്നമായി വീണ്ടും ലാല്‍കൃഷ്ണ വിരാടിയാര്‍?

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2012 (15:57 IST)
PRO
ഫ്രെഡറിക് ഫോര്‍സ്തിന്‍റെ ‘ദി വെറ്ററന്‍’ എന്ന ഇംഗ്ലീഷ് ചെറുകഥയെ ആധാരമാക്കിയാ‍ണ് എ കെ സാജന്‍ ‘ചിന്താമണി കൊലക്കേസ്’ എന്ന തിരക്കഥയെഴുതിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ സിനിമ 2006ലെ ബ്ലോക് ബസ്റ്ററായിരുന്നു. ആറുകോടി രൂപ മുതല്‍മുടക്കിയെടുത്ത ആ സിനിമ 11 കോടി രൂപ കളക്ഷന്‍ നേടി.

സുരേഷ്ഗോപിയായിരുന്നു ചിന്താമണി കൊലക്കേസിലെ നായകന്‍. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന ക്രിമിനല്‍ അഭിഭാഷകനെയാണ് സുരേഷ്ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊടും കുറ്റവാളികളുടെ കേസുകള്‍ ഏറ്റെടുക്കുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുന്ന അസാധാരണമായ കഥാപാത്രമായിരുന്നു ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന എല്‍ കെ(ലൈസന്‍സ് ടു കില്‍ എന്നും ഫുള്‍ഫോം).

എന്തായാലും ഈ ലീഗല്‍ ത്രില്ലറിന്‍റെ രണ്ടാം ഭാഗം വരുന്നതായി സൂചനകള്‍ ലഭിക്കുന്നു. ഷാജി കൈലാസ് തന്‍റെ അടുത്ത ചിത്രമായ സിംഹാസനത്തിന് ശേഷം ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ചെയ്യാന്‍ ആലോചിക്കുന്നുവത്രെ. ‘എല്‍ കെ - ദി ലോയര്‍’ എന്നായിരിക്കും സിനിമയുടെ പേരെന്നും അറിയുന്നു.

ഷാജി കൈലാസിന് വേണ്ടി എ കെ സാജന്‍ എഴുതിയ ആദ്യത്തെ തിരക്കഥയായിരുന്നു ചിന്താമണി കൊലക്കേസ്. അതിന് ശേഷം റെഡ്ചില്ലീസ്, ദ്രോണ തുടങ്ങിയ സിനിമകള്‍ സാജന്‍ ഷാജിക്ക് നല്‍കി. എന്നാല്‍ ഇവ വമ്പന്‍ പരാജയങ്ങളായിരുന്നു. അതുകൊണ്ടുതന്നെ എ കെ സാജന്‍റെ തിരക്കഥയിലാണോ ‘എല്‍ കെ - ദി ലോയര്‍’ ഒരുങ്ങുക എന്നത് വ്യക്തമല്ല.