കസബയ്ക്ക് ശേഷം ലേലം 2; നിഥിന്‍ രണ്‍ജി പണിക്കര്‍ വീണ്ടും; ചാക്കോച്ചിയുടെ തിരിച്ചുവരവ്!

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (21:03 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി ഒരുക്കിയ സിനിമ. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്ഗോപി തകര്‍ത്താടിയ സിനിമ. ചാക്കോച്ചി തിരിച്ചുവരികയാണ്.
 
അതേ, ‘ലേലം 2’ ഒരുങ്ങുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2.
 
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും മുഖ്യധാരയിലേക്ക് വരുന്ന ചിത്രം കൂടിയാകും ഇത്. ലേലത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്‍റെ വേദനയായിരിക്കും.
 
കസബയ്ക്ക് തിരക്കഥയെഴുതിയത് നിഥിന്‍ തന്നെയായിരുന്നു. എന്നാല്‍ ലേലം 2 എഴുതുന്നത് രണ്‍ജി പണിക്കരാണ്. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും യഥേഷ്ടമുണ്ടാകുമെന്ന് സാരം.
Next Article