‘എന്ന് നിന്‍റെ മൊയ്‌തീന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ‘കര്‍ണന്‍’ പ്രഖ്യാപിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടേയുള്ളൂ. മമ്മൂട്ടിയും കര്‍ണനുമായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന് തിരക്കഥ രചിച്ചിരിക്കുന്നത് പി ശ്രീകുമാര്‍.
പൃഥ്വിരാജിന്‍റെ കര്‍ണന് 45 കോടിയാണ് ബജറ്റെങ്കില്‍ മമ്മൂട്ടിയുടെ കര്‍ണന് 50 കോടിയാണ് ബജറ്റ്. ആര്‍ എസ് വിമല്‍ കര്‍ണന്‍റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെങ്കില്‍ പി ശ്രീകുമാര്‍ ഈ തിരക്കഥ പൂര്‍ത്തിയാക്കിയിട്ട് കാലങ്ങളായി.
കര്‍ണന്‍റെ തിരക്കഥയുമായി മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നേരത്തേ പി ശ്രീകുമാര്‍ സമീപിച്ചിരുന്നതാണ്. മമ്മൂട്ടിയുമായുള്ള ചര്‍ച്ചയാണ് ഏറെ മുന്നോട്ടുപോയത്. എന്നാല്‍ നിര്‍മ്മാതാവിനെ കിട്ടാത്തതും മറ്റ് പ്രശ്നങ്ങളുമായിരുന്നു പ്രൊജക്ട് പ്രഖ്യാപിക്കാന്‍ വിഘാതമായി നിന്നത്.
എന്തായാലും ആര്‍ എസ് വിമല്‍ - പൃഥ്വിരാജ് പ്രൊജക്ട് ‘കര്‍ണന്‍’ എന്ന പേര് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ആ പേരില്‍ മമ്മൂട്ടിച്ചിത്രം ആരംഭിക്കാന്‍ കഴിയില്ല. 100 ദിവസത്തെ ചിത്രീകരണം മമ്മൂട്ടിയുടെ കര്‍ണന് വേണ്ടിവരും. ആന്ധ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകള്‍.
പൃഥ്വിയുടെ കര്‍ണനും മമ്മൂട്ടിയുടെ കര്‍ണനും ഒരേസമയം തിയേറ്ററുകളിലെത്തുമോ? കാത്തിരിക്കാം!