ഒപ്പത്തിന്‍റെ ആവേശത്തില്‍ പ്രിയനും മോഹന്‍ലാലും വീണ്ടും, തിരക്കഥ ശ്രീനിവാസന്‍ !

വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (18:44 IST)
‘പാവാട’യ്ക്ക് ശേഷം മണിയന്‍‌പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയ്ക്ക് രചന നിര്‍വഹിക്കുന്നത് ശ്രീനിവാസന്‍. ഈ വര്‍ഷം ഒടുവില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
 
‘വെള്ളാനകളുടെ നാട്’ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഈ നാലുപേരും ഒന്നിക്കുന്ന ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും. പ്രിയന്‍ - ശ്രീനി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ മിഥുനം, അക്കരെയക്കരെയക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയവ പ്രേക്ഷകര്‍ ആവര്‍ത്തിച്ചുകാണുന്ന സിനിമകളാണ്.
 
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിജയചിത്രങ്ങളൊരുക്കാന്‍ കഴിയാതിരുന്ന പ്രിയദര്‍ശന്‍ ഒപ്പത്തിലൂടെ വമ്പന്‍ ഹിറ്റുകളുടെ പഴയ ട്രാക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. മികച്ച കഥകള്‍ കണ്ടെത്തി മലയാളികളുടെ പ്രിയം പിടിച്ചുപറ്റാനാണ് പ്രിയദര്‍ശന്‍ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക