ഇനി രജനികാന്താവാന്‍ മമ്മൂട്ടി!

Webdunia
ചൊവ്വ, 19 ജനുവരി 2016 (16:06 IST)
മമ്മൂട്ടി ഇനി രജനികാന്താവുന്നു. രജനികാന്തിന്‍റെ ജീവചരിത്രം സിനിമയാക്കുകയും മമ്മൂട്ടി അതില്‍ രജനികാന്തായി അഭിനയിക്കുകയൊന്നുമല്ല. സംഗതി മറ്റൊന്നാണ്.
 
മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ ഓര്‍മ്മയില്ലേ? ആ സിനിമയില്‍ മമ്മൂട്ടിയും രജനികാന്തുമായിരുന്നു നായകന്‍‌മാര്‍. മഹാഭാരതത്തിലെ കര്‍ണന്‍റെയും ദുര്യോധനന്‍റെയും സൌഹൃദമായിരുന്നു ദളപതി പ്രമേയമാക്കിയത്. കര്‍ണന്‍റെ മാനസസഞ്ചാരങ്ങളില്‍ നിന്ന് ഉയിരെടുത്ത സൂര്യ എന്ന കഥാപാത്രമായാണ് രജനികാന്ത് തിളങ്ങിയത്. ദുര്യോധനനെ അനുസ്മരിപ്പിച്ച ദേവരാജനായി മമ്മൂട്ടിയുമെത്തി.
 
ഇപ്പോഴിതാ, മമ്മൂട്ടിക്ക് പുതിയ നിയോഗം. അന്ന് രജനികാന്ത് ഉജ്ജ്വലമാക്കിയ കര്‍ണാവതാരത്തെ ഇനി മമ്മൂട്ടി അവതരിപ്പിക്കും. മഹാഭാരതത്തിലെ കര്‍ണനെ മുഖ്യകഥാപാത്രമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കര്‍ണനാകുന്നത്. പി ശ്രീകുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന് 50 കോടി രൂപയാണ് ബജറ്റ്.
 
ദുര്യോധനനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് ഇനി കര്‍ണനായി ജ്വലിക്കാനുള്ള അവസരം. കര്‍ണനായി രജനികാന്തിനേക്കാള്‍ തിളങ്ങാന്‍ മമ്മൂട്ടിക്കാകുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.