ആദ്യം മമ്മൂട്ടിയുടെ ഭാര്യ, ഇപ്പോള്‍ ദുല്‍ക്കറിന്‍റെ കാമുകി!

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (16:19 IST)
PRO
‘ഇമ്മാനുവല്‍’ എന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം കാണുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും എന്നുറപ്പാണ്. ഒരു തൊഴില്‍ രഹിതന്‍റെ വേവലാതികളില്‍ ജീവിക്കുന്ന ഇമ്മാനുവല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്.

പുതുമുഖം റീനു മാത്യൂസ് ആണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നത്. ഭാവിയില്‍ മലയാളത്തിലെ ഒന്നാം നിര നായികയായി റീനു മാറുമെന്നാണ് ഇമ്മാനുവലിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇമ്മാനുവല്‍ റിലീസാകും മുമ്പുതന്നെ റീനുവിനെ തേടി വലിയ ഓഫറുകള്‍ വരുന്നുണ്ട്. ഒരു സിനിമയിലേക്ക് കരാറായിക്കഴിഞ്ഞു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലെ നായികയായാണ് റീനു എത്തുന്നത്. ഇതില്‍ നായകന്‍ ആരെന്നറിയണ്ടേ? ദുല്‍ക്കര്‍ സല്‍മാന്‍!

അതേ, മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച റീനു മാത്യൂസ് അടുത്ത ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ കാമുകിയായാണ് അഭിനയിക്കുന്നത്. ഇതിലെ കൌതുകം കൊണ്ടുതന്നെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ലഘുചിത്രം വാര്‍ത്തകളില്‍ നിറയുകയാണ്. ‘അഞ്ചു സുന്ദരികള്‍’ എന്ന പ്രണയചിത്രങ്ങളുടെ ആന്തോളജിയില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലാണ് ദുല്‍ക്കറും റീനുവും ജോഡിയാകുന്നത്.

ഒരു ചൈനീസ്‌ നാടോടിക്കഥ ആധാരമാക്കിയാണ് അമല്‍ നീരദ് ഈ സിനിമയൊരുക്കുന്നത്. അഞ്ചു സുന്ദരികളിലെ മറ്റ് സിനിമകള്‍ സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദ്‌, ആഷിക്‌ അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നിവരാണ്.