'പടയപ്പ'യിലെ നീലാംബരിയെ മറന്നോ? എങ്ങനെ മറക്കും അല്ലേ? തമിഴ് സിനിമയുള്ളിടത്തോളം ആ സ്ത്രീ കഥാപാത്രത്തിന്‍റെ ഓര്‍മ്മയും ഉണ്ടാകും പ്രേക്ഷകര്‍ക്ക്. നീലാംബരിയെ അനശ്വരമാക്കിയ രമ്യാകൃഷ്ണന്‍ ഇപ്പോള്‍ എവിടെയാണ്? എന്തായാലും പുതിയ ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു.
'അപ്പവും വീഞ്ഞും' എന്നാണ് രമ്യ അഭിനയിക്കുന്ന മലയാള ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡോക്ടര്‍ പേഷ്യന്‍റ്, ഔട്ട് ഓഫ് സിലബസ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ വിശ്വനാഥന്‍ ആണ് അപ്പവും വീഞ്ഞും സംവിധാനം ചെയ്യുന്നത്.
വാഗമണ്ണിലും കുട്ടിക്കാനത്തുമായി സിനിമ ചിത്രീകരിക്കും. സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നു. വേണുഗോപാലാണ് ക്യാമറ.
ഇപ്പോള്‍ എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രമായ ബാഹുബലിയില്‍ അഭിനയിച്ചുവരികയാണ് രമ്യാകൃഷ്ണന്‍.
നേരം പുലരുമ്പോള്‍, അനുരാഗി, ആര്യന്‍, ഓര്‍ക്കാപ്പുറത്ത്, ജന്‍മാന്തരം, മാന്യന്‍മാര്‍, അഹം, മഹാത്മ, ഒന്നാമന്‍, ഒരേ കടല്‍ തുടങ്ങിയവയാണ് രമ്യാകൃഷ്ണന്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍.