അജിത്തിന്‍റെ അമ്പതാം ചിത്രം വെങ്കട് പ്രഭുവിന്?

Webdunia
തിങ്കള്‍, 28 ജൂണ്‍ 2010 (21:03 IST)
PRO
അജിത് നായകനാകുന്ന അമ്പതാം ചിത്രം ആര് സംവിധാനം ചെയ്യും? കോളിവുഡില്‍ ഏറെക്കാലമായി ഇക്കാര്യം ചര്‍ച്ചാവിഷയമാണ്. ഗൌതം വാസുദേവ് മേനോന്‍റെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. ‘കാവല്‍’ എന്ന ഒരു തിരക്കഥയും അജിത്തിനുവേണ്ടി ഗൌതം മേനോന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണെന്നും ഈ പ്രൊജക്ട് നടക്കില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

അതേസമയം ഹിറ്റ്മേക്കര്‍ വെങ്കട് പ്രഭുവുമായി കഴിഞ്ഞ ദിവസം അജിത് രഹസ്യ ചര്‍ച്ച നടത്തിയത് കോടമ്പാക്കത്ത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഗൌതമിന് പകരം വെങ്കട് പ്രഭുവായിരിക്കും അജിത്തിന്‍റെ അമ്പതാം ചിത്രമൊരുക്കുക എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വെങ്കട് പ്രഭു ഒരു വണ്‍‌ലൈന്‍ അജിത്തിനോടു പറഞ്ഞതായും അജിത് ആ കഥയില്‍ ആവേശഭരിതനാണെന്നും സൂപ്പര്‍താരത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് അജിത് - വെങ്കട് പ്രഭു ടീമിന്‍റെ ചിത്രം ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായിരിക്കും. മുംബൈ അധോലോകം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന അഭിനയിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഗൌതം മേനോന്‍ മുന്നോട്ടു പോകുകയാണ്. സമീര റെഡ്ഡി നായികയാകുന്ന ത്രില്ലര്‍, വിണ്ണൈ താണ്ടി വരുവായായയുടെ ഹിന്ദി പതിപ്പ്, തെലുങ്ക് യംഗ് സ്റ്റാര്‍ റാണ നായകനാകുന്ന തമിഴ് - തെലുങ്ക് പ്രൊജക്ട് എന്നിവയാണ് ഗൌതം മേനോന്‍റെ പുതിയ സിനിമകള്‍.