മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഔദാര്യം കൊണ്ടാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായി തുടരുന്നതെന്ന ആരോപണം സിനിമയിലും പുറത്തും നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം മറുപടി നൽകുകയാണ് ഫാസില്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇന്നസെന്റിന്റെ 'ഇരിങ്ങാലക്കുടയ്ക്കു ചുറ്റും' എന്ന പുസ്തകത്തിന് ഫാസിൽ നൽകിയ അവതാരികയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഇന്നസെന്റ് എന്ന നടന്റെ നർമം എത്രത്തോളം ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. മ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഔദാര്യം കൊണ്ടാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായി തുടരുന്നതെന്ന് പറയുന്നവരെയൊക്കെ കൈകാര്യം ചെയ്യാനുള്ള സകലവിദ്യകളും ഇന്നസെന്റിന്റെ കയ്യിൽ ഉണ്ടെന്ന് ഫാസിൽ എഴുതുന്നു.
ഒരിക്കല്‍ കുടുംബകലഹത്തിനിടെ നന്നേ ദേഷ്യം പിടിച്ചപ്പോള്‍ ദേ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇട്ട് വട്ടുതട്ടിക്കളിക്കുന്നത് പോലെ എന്റടുത്ത് കളിക്കാന്‍ വരണ്ടാ എന്ന് ഇന്നസെന്റിന്റെ ഭാര്യ ആലീസ് പറഞ്ഞതായുള്ള കഥയും പ്രചാരണത്തിലുണ്ടെന്ന് ഫാസിൽ പറയുന്നു.
അവതാരികയിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് എഴുതിയ കാര്യം ഫാസിൽ തന്നെ ഇന്നസെന്റിനെ വിളിച്ച് പറഞ്ഞു. താരങ്ങളുടെ പേരുകൾ പറഞ്ഞതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ഫാസിലിന്റെ സംശയം. ' അവരില്‍ ഒരാളുടെ പേരുമാത്രം എടുത്തുപറഞ്ഞ് പുകഴ്ത്താനും പോകരുത്, ഇകഴ്ത്താനും പോകരുത്. പറയുമ്പം രണ്ടുപേരുടെയും പേര് ഒരുമിച്ച് ചേര്‍ത്ത് എന്തുവേണമെങ്കിലും പറഞ്ഞോ' എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.
അഴിമതിക്കറ പുരളാത്ത, സ്വജനപക്ഷപാതമില്ലാത്ത, കൈക്കൂലി വാങ്ങാത്ത ഒരു ജനസേവകനെന്ന പ്രതിച്ഛായ ഇന്നസെന്റ് വളര്‍ത്തിയെടുത്തെന്നും ഫാസില്‍ എഴുതുന്നു.