ഫഹദ് - ദുല്‍ക്കര്‍ സിനിമകള്‍ സംവിധായകര്‍ക്ക് ഓരോ വര്‍ഷം നഷ്ടമാക്കി!

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (15:22 IST)
മലയാളത്തിലെ യുവതാരനിരയില്‍ ഏറ്റവും മികച്ച നടന്‍‌മാരാണ് ഫഹദ് ഫാസിലും ദുല്‍ക്കര്‍ സല്‍മാനും. ഈ രണ്ടുപേരുടെയും ഡേറ്റുകള്‍ക്കായി നിര്‍മ്മാതാക്കളും സംവിധായകരും ക്യൂവിലാണ്. എന്നാല്‍ ഈ രണ്ടുപേരുടെ പ്രൊജക്ടുകള്‍ മൂലം അടുത്തിടെ രണ്ട് സംവിധായകര്‍ക്ക് നഷ്ടമുണ്ടായി.
 
ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകന്‍ സിദ്ദിക്ക് ഒരു പ്രൊജക്ട് ആലോചിച്ചിരുന്നു. എന്നാല്‍ താരവും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം ആ സിനിമ നടന്നില്ല. ഫഹദിന്‍റെ സിനിമയുടെ പിറകേ നടന്ന് തനിക്ക് ഒരു വര്‍ഷം നഷ്ടമായതായി അടുത്തിടെയാണ് സിദ്ദിക്ക് തുറന്നുപറഞ്ഞത്.
 
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അഞ്ജലി മേനോന്‍റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ആ സിനിമയും യാഥാര്‍ത്ഥ്യമായില്ല. അഞ്ജലി മേനോനും പ്രതാപ് പോത്തനുമായുള്ള അഭിപ്രായവ്യത്യാസമാണ് ആ സിനിമയ്ക്ക് കുഴപ്പം ചെയ്തത്.
 
“ഒരു സിനിമയാക്കാന്‍ കഴിയുന്ന ഒരു ഘടകവുമില്ലാത്ത തിരക്കഥയാണ് അഞ്ജലി മേനോന്‍ എഴുതി നല്‍കിയതെന്ന് ഞാന്‍ ദുല്‍ക്കറിനെ അറിയിച്ചു. ചാര്‍ലിയിലെ ദുല്‍ക്കറിന്‍റെ അഭിനയം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴും ഞാന്‍ ദുല്‍ക്കറിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി മലയാള സിനിമയില്‍ സംവിധാനമേഖലയില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു പുതിയ പ്രൊജക്ട് ഞാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അത് അത്ര പെട്ടെന്നൊന്നും അനൌണ്‍സ് ചെയ്യാന്‍ കഴിയില്ല. അഞ്ജലി മേനോന്‍ എഴുതുന്ന പ്രൊജക്ടിനായി ഇതിനകം തന്നെ ഒരു വര്‍ഷം ഞാന്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു” - പ്രതാപ് പോത്തന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
Next Article