നൂറുകോടി ക്ലബിലല്ല, നൂറുകോടി മനുഷ്യരുടെ മനസിലാണ് മമ്മൂട്ടി!

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (17:09 IST)
മലയാള സിനിമയും 100 കോടി ക്ലബ് എന്ന മോഹവലയത്തില്‍ പെട്ടുകഴിഞ്ഞു. ഒരുപാട് പ്രൊജക്ടുകള്‍ ഈ ലക്‍ഷ്യം വച്ച് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുലിമുരുകന്‍ 100 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും ഇപ്പോള്‍ ആ ലക്‌ഷ്യം നേടാനുള്ള പരക്കം പാച്ചിലിലാണ്. തന്‍റെ പുതിയ സിനിമ ‘വീരം’ 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് സംവിധായകന്‍ ജയരാജ് തന്നെ അവകാശപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ സിനിമയെ സമീപിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.
 
മമ്മൂട്ടിക്ക് ഇതുവരെ 100 കോടി, 50 കോടി ക്ലബില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മലയാളത്തിന്‍റെ ഏറ്റവും വലിയ താരം മമ്മൂട്ടി തന്നെയാണ്. വീരഗാഥയും മതിലുകളും അമരവും അംബേദ്‌കറും ന്യൂഡല്‍ഹിയും ദളപതിയുമൊക്കെ മമ്മൂട്ടിക്ക് മാത്രം സ്വന്തം. നൂറുകോടി ക്ലബിലെ ഇടമല്ല, നൂറുകോടി മനുഷ്യരുടെ മനസിലെ ഇടമാണ് മമ്മൂട്ടിക്ക് സ്വന്തമായുള്ളത്. മലയാള പ്രേക്ഷകര്‍ക്ക് നൂറൂകോടി പൊന്നാണ് മമ്മൂക്ക!
 
നല്ല സിനിമകള്‍ സൃഷ്ടിക്കുക എന്ന നയമാണ് മമ്മൂട്ടി മുന്നോട്ടുവയ്ക്കുന്നത്. ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന പുതിയ മമ്മൂട്ടിച്ചിത്രം തന്നെ ഇതിന് ഉദാഹരണമാണ്. സമരം മാറിയാല്‍ ഉടന്‍ തിയേറ്ററുകളിലെത്തുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ കുടുംബചിത്രമാണ്. നവാഗതനായ ഹനീഫ് അദേനിയാണ് സംവിധാനം.
 
നല്ല സിനിമകള്‍ സ്വാഭാവികമായി നേടുന്ന വിജയമാണ് ഇത്തരം ചിത്രങ്ങളിലൂടെ മമ്മൂട്ടി ലക്‍ഷ്യമിടുന്നത്. അടുത്തതായി രഞ്ജിത്തിനൊപ്പം ചേര്‍ന്ന് പുത്തന്‍‌പണം എന്ന ഒരു ഫാമിലി ആക്ഷന്‍ സിനിമയാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. പിന്നീട് ശ്യാംധറിന്‍റെ കുടുംബചിത്രം. ഈ സിനിമകളൊന്നും തന്നെ 100 കോടി ക്ലബ് ലക്‍ഷ്യമിട്ട് എല്ലാ മസാലകളും അരച്ചുചേര്‍ത്തുള്ള ചിത്രങ്ങളല്ല. എന്നാല്‍ ഇവ പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ല സിനിമകളാണ്.
 
മലയാളിത്തമുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. അത്തരം സിനിമകള്‍ വലിയ വിജയം നേടുമെന്ന വിശ്വാസവുമുണ്ട്. കോലാഹലങ്ങളില്ലാതെ പുറത്തിറങ്ങുകയും മഹാവിജയമാകുകയും ചെയ്ത തോപ്പില്‍ ജോപ്പന്‍ തന്നെ ഇതിന് ഉദാഹരണമായി എടുത്തുപറയാം.
Next Article